അരീക്കോട്: സമൂഹത്തിലെ അനീതിക്കെതിരെയാണ് അഭിനവിന്റെ കാര്ട്ടൂണുകള് ശബ്ദമുയര്‍ത്തുന്നത്. തെരുവുനായ ശല്യം, ഭീകരത, രാഷ്ട്രീയ പേക്കൂത്തുകള്‍, തട്ടിപ്പുകള്‍ എല്ലാത്തിനെയും കണക്കിന് വിമര്‍ശിക്കുകയാണ് എട്ടാം ക്ലാസുകാരനായ ഈ മിടുക്കന്. പൂക്കളത്തൂര്‍ സിഎച്ച്എം എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഭിനവിന് തന്നെയാണ് ഹൈസ്കൂള്‍ വിഭാഗം കാര്‍ട്ടൂണില്‍ ഒന്നാം സമ്മാനം. അഭിനവിന്റെ വരകളില്‍ സമകാലീനസംഭവങ്ങളാണ് പ്രമേയമാകുന്നത്. തെരുവുനായ്ശല്യവും അതിനോടുള്ള രാഷ്ട്രീയക്കാരുടെ പ്രതികരണവുമാണ് മത്സരത്തില്‍ അഭിനവ് കാര്‍ട്ടൂണില്‍ വരച്ചത്. കലോത്സവ മീഡിയ റൂമില്‍ അഭിനവ് വരച്ച കാര്‍ട്ടൂണിലും ഭീകരതയോടുള്ള ലോകരാജ്യങ്ങളുടെ സമീപനമാണ് നിറഞ്ഞത്. ആമയുടേയും മുയലിന്റെയും ഓട്ടമത്സരവും ഭീകരരേയും ലോകരാജ്യങ്ങളേയും താതാത്മ്യപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍ വരച്ചത്. ലോകത്തെ നടുക്കുന്ന ആക്രമണങ്ങള്‍ നടത്തി ഭീകരര്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഒന്നും ചെയ്യാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അഭിനവ് വരകളില്‍ ചൂണ്ടിക്കാട്ടുന്നു. നാടിനു വേണ്ടി പോരാടി വീരമൃത്യു വരച്ച ലെഫ്.കേണല്‍ നിരഞ്ജന് കുമാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമമര്‍പ്പിച്ചായിരുന്നു അഭിനവിന്റെ കാര്‍ട്ടൂണ്‍. ചിത്രരചനയില്‍ കഴിവ് പ്രകടിപ്പിച്ചുവന്ന അഭിനവ് കാര്‍ട്ടൂണിലും ഒരു കൈ നോക്കുകയായിരുന്നു. സ്കൂളിലെ ചിത്രകലാഅധ്യാപകനായ നവേദാണ് അഭിനവിനെ പ്രോത്സാഹിപ്പിച്ചത്. കാര്‍ട്ടൂണില്‍ അഭിനവിന്റെ പ്രതിഭ തിരിച്ചറിഞ്ഞപ്പോള്‍ കലോത്സവത്തില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിച്ചു. ജില്ലാ കലോത്സവത്തില്‍ എ ഗ്രെഡോടെ ഒന്നാം സമ്മാനം നേടുകയും ചെയ്തു. എട്ടാക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്. തൃപ്പനച്ചി സ്വദേശിയായ ചിത്രകലാ അധ്യാപകന് പ്രസാദും മകന്റെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: