അരീക്കോട്: കഴിഞ്ഞ നാല് ദിവസം അരീക്കോടിനെ കലയുടെ കളിത്തൊട്ടിലാക്കി മാറ്റിയ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിവസമായ ഇന്ന് കിരീടത്തിനായുള്ള പോരാട്ടം മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യക്തമായ ആധിപത്യത്തോടെ മുന്നോട്ട് കുതിക്കുന്നത് വേങ്ങര ഉപജില്ലയാണ്.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്യും. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. കലോത്സവ സുവനീര്‍ സാക്ഷരതാ മിഷന് ചെയര്മാന് സലീം കുരുവമ്പലം പ്രകാശനം ചെയ്യും. അരീക്കോട് എസ്ഐ സുനീഷ്.കെ.തങ്കച്ചന് സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബൈദ, എ.ഷീന, സി.അബ്ദുറഹിമാന് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇന്നലെയും കലോത്സവ നഗരിയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 16 വേദികളുടെയും സദസ്സ് നിറഞ്ഞുകവിഞ്ഞു. മത്സരങ്ങള്‍ ആസ്വദിക്കാനും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും ആയിരങ്ങളാണ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ വിവിധ വിഭാഗങ്ങളിലായി നാടകം, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഗസല്‍, ഉര്ദുസംഘഗാനം, കേരളനടനം, നാടോടിനൃത്തം, തിരുവാതിരക്കളി, സംഘനൃത്തം, നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, മോഹിനിയാട്ടം, സംസ്കൃതം കഥാകഥനം, അറബിക് പദ്യം, മോണോ ആക്ട്, ഗാനമേള, വൃന്ദവാദ്യം, ഗിറ്റാര്‍, ക്ലാരനറ്റ്, നാദസ്വരം, വയലിന്, സംസ്കൃതം അഷ്ടപതി, ഗാനാലാപനം, സംസ്കൃതം പദ്യം, ചമ്പുപ്രഭാഷണം, അറബിക് ഖുര്‍ആന്‍ പാരായണം, പ്രസംഗം എന്നിവ നടന്നു. കലോത്സവം അവസാനഘട്ടത്തിലേക്ക് കടക്കുന്തോറും കാണികളുടെ തിരക്ക് കൂടുകയാണ്. കലോത്സവനഗരിയിലെ പൊടിശല്ല്യം നിയന്ത്രിക്കാനാവാത്തതാണ് ഗുരുതരമായ പ്രശ്നം. പലവേദികളിലും പൊടിശല്ല്യം മൂലം പരിപാടി അവതരിപ്പിക്കാനാവാതെ മത്സരാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: