കൊട്ടാരക്കര: രാവിലെ കുളിച്ച് കുറിയിട്ട് ആനയടി സംഗീതഗ്രാമത്തില്‍ നിന്ന് ഗുരുക്കന്‍മാരെല്ലാവരും തിരക്കിട്ട യാത്രയിലാണ്.എല്ലാവരും എത്തിപ്പെട്ടത് കൊട്ടാരക്കരയിലെ കലോത്സവവേദിയിലാണ്. സംഗീതം വരദാനമായി കിട്ടിയ കുടുംബത്തിന്റെ പത്തോളം ശിഷ്യരാണ് സംഗീതത്തിന്റെ മത്സരലോകത്ത്, ശിഷ്യന് സമ്മാനം കിട്ടിയോ എന്ന് അല്ല ഈ ഗുരുക്കന്‍മാര്‍ ശ്രദ്ധിക്കുന്നത് സ്റ്റേജില്‍ എവിടെയാണ് തന്റെ ശിഷ്യന്‍ പിന്നാക്കം പോകുന്നതെന്നാണ്. അച്ഛന്റെ ഭജനപാട്ട്‌കേട്ട് കുട്ടിയായിരിക്കെ തന്നെ സംഗീതലോകത്തേക്ക് എത്തിയ സംഗീതഅധ്യാപകന്‍ കൂടിയായ ആനയടി പങ്കജാക്ഷന്‍, സംഗീതഅധ്യാപികയായിരുന്ന ഭാര്യ ചന്ദ്രികദേവി, പാലക്കാട് മ്യൂസിക്ക് കോളേജിലെ അധ്യാപികയും മകളും സംഗീതജ്ഞയുമായ ധനലഷ്മി, കാഞ്ചികാമകോടിപീഠം ആസ്ഥാനവിദ്വാനും ഡയറ്റ് അധ്യാപകനും പങ്കജാക്ഷന്റെ അനുജനുമായ ആനയടി പ്രസാദ് എന്നിവരാണ് ഇവര്‍. ബന്ധുക്കള്‍ മാത്രമല്ല ഇവര്‍ പരസ്പരം ഗുരുക്കന്‍മാരുമാണന്നതാണ് പ്രത്യേകത. പ്രസാദിന്റേയും, ചന്ദ്രികാദേവിയുടേയും ഗുരുകൂടിയാണ് പങ്കജാക്ഷന്‍. ധനലഷ്മിയുടെ ഗുരുവാണ് പ്രസാദ്. മകന്‍ ധനേഷും അറിയപ്പെടുന്ന പാട്ടുകാരനാണ്. അച്ഛന്റെ ഓര്‍മ്മക്കായി നാരായണസ്‌കൂള്‍ ഓപ് മ്യൂസിക് പങ്കജാക്ഷനും, അമ്മയുടെ ഓര്‍മ്മക്കായി ഭാമിനി സ്‌കൂള്‍ ഓഫ് മ്യൂസിക് പ്രസാദും നടത്തുന്നു.ഇങ്ങനെ ബന്ധങ്ങള്‍ക്ക് അപ്പുറവും നീളുകയാണ് അനേകം ശിഷ്യരിലൂടെ ഈ ഗുരുപരമ്പര.
















