കുന്നത്തൂര്‍: ശൂരനാട് തെക്ക് ഇരവിച്ചിറ, കിടങ്ങയം വാര്‍ഡുകളിലെ നാനൂറോളം കുടുംബങ്ങള്‍ നാലുദിവസമായി കുടിവെള്ളം കിട്ടാതെ വലയുകയാണ്. പൊതുടാപ്പുകള്‍ വഴിയുള്ള കുടിവെള്ള വിതരണം ഈ പ്രദേശങ്ങളില്‍ നാലുദിവസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇരവിച്ചിറ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് വെള്ളമെത്തുന്നത്. കുടിവെള്ള വിതരണം നിര്‍ത്തിവച്ചതിനെ കുറിച്ച് പഞ്ചായത്ത് വ്യക്തമായ കാരണങ്ങള്‍ നല്‍കുന്നില്ല. അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ഈ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളും ഈ പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടുന്നില്ല. ഈ പ്രദേശങ്ങളില്‍ മറ്റ് കുടിവെള്ള സ്രോതസുകള്‍ ഒന്നുംതന്നെയില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ദൂരം താണ്ടിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ സാഹചര്യത്തിലാണ് യുവമോര്‍ച്ച സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി ശൂരനാട് തെക്ക് പഞ്ചായത്ത് സെക്രട്ടറിയെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇന്ന് ഉപരോധിക്കും. രാവിലെ പത്തുമുതലാണ് ഉപരോധസമരം.
















