കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പഴയകാല കലാരൂപമായി പരിഗണിച്ച് പോരുന്ന സാഹചര്യത്തില്‍ ഈ കലാരൂപങ്ങളെ പൊതുവേദിയിലേക്ക് ആനയിക്കാന്‍ സുധീരം മുന്നിട്ടിറങ്ങി വിജയം കൊയ്ത അപൂര്‍വ്വ പ്രതിഭ, മാര്‍ഗി സതി. അരങ്ങുകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ടീച്ചര്‍ക്ക്.
2007-ല്‍ കേരള കലാമണ്ഡലത്തില്‍ മകളെ എട്ടാം ക്ലാസ്സില്‍ ചേര്‍ക്കുന്നതിന് ഞന്‍ ചെന്നപ്പോള്‍ മാത്രമാണ് കൂടിയാട്ടമെന്ന കലാരൂപത്തെകുറിച്ച് അറിയുന്നത്. കൂടിയാട്ടം വിഭാഗത്തിന്റെ മേധാവി ആയിരുന്ന കലാമണ്ഡലം ഗിരിജ ടീച്ചറിനെയും, കലാമണ്ഡലം ശൈലജ ടീച്ചറിനെയും ആണ് എനിക്ക് ആദ്യം പരിചയപ്പെടാന്‍ കഴിഞ്ഞത്. മാര്‍ഗി സതി കലാമണ്ഡലത്തിലെ അധ്യാപികമാരില്‍ ഒരാളാണ് എന്നുഞാന്‍ അറിഞ്ഞെങ്കിലും നേരില്‍ കാണാനുള്ള ഭാഗ്യം രണ്ടാം വര്‍ഷം മകളുടെ ക്ലാസ്സ് ടീച്ചറായി സതി ടീച്ചര്‍ എത്തിയപ്പോഴായിരുന്നു. ചിരകാല പരിചയം ഉള്ളതുപോലെ ഹൃദയം നിറഞ്ഞ ആ പുഞ്ചിരി (കലാധരന്‍ സാര്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ ടീച്ചറിന്റെ ചിരിയെകുറിച്ച് പറയുകയുണ്ടായി) എന്നെ വല്ലാതെ ആകര്‍ഷിച്ചു. തന്റെ പ്രിയ ശിഷ്യരില്‍ ഒരാളായി മകള്‍ വളര്‍ന്നു വരുന്നത് കാണാന്‍ ടീച്ചര്‍ വളരെ അധികം ആഗ്രഹച്ചിരുന്നു. കലാമണ്ഡലം വാണിവാസുദേവനായി കലാമണ്ഡലത്തിലെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മറ്റ് പ്രധാന അധ്യാപികമാരോടൊപ്പം സതിടീച്ചറും താല്‍ക്കാലിക അധ്യാപികമാരും വളരെയധികം പ്രയത്നിച്ചിട്ടുണ്ട്
സംസ്കൃത പണ്ഡിതനായ അച്ഛന് സുബ്രഹ്മണ്യന് എമ്പ്രാന്തിരിയുടെ ആഗ്രഹ പ്രകാരം പതിനൊന്നാം വയസ്സില്‍ കുഞ്ഞുസതി കൂടിയാട്ടം പഠിക്കുന്നതിനായി ചേര്‍ന്നു. കേരള കലാമണ്ഡലത്തിലെ പഠനകാലത്ത് തന്നെ സതിക്ക് രാജ്യത്തിന് അകത്തും പുറത്തും ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. കലാമണ്ഡലത്തിലെ പഠനശേഷം രണ്ടു വര്‍ഷം പ്രൈവറ്റായി സ്കൂള്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. ഗുരു പൈങ്കുളം രാമചാക്യാര്‍, മാണിമാധവചാക്യാര്‍ അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ കീഴില്‍ എട്ടു വര്‍ഷം കൂടിയാട്ടം പഠിച്ചു. ഗുരു പി.കെ.നമ്പ്യാരാശാന്റെ അടുത്ത് നങ്ങ്യാര്‍കൂത്തില്‍ വിദഗ്ധപഠനവും ചെയ്തു. ഈ കാലഘട്ടത്തിലായിരുന്നു സതിയുടെ വിവാഹം. ഒരു കലാകാരിയെ മാത്രമെ വിവാഹം കഴിക്കു എന്ന് തീരുമാനം എടുത്ത ഇടയ്ക്ക വിദ്വാനായ സുബ്രഹ്മണ്യന് പോറ്റിയായിരുന്നു ഭര്‍ത്താവ്. വിവാഹാനന്തരം തിരുവനന്തപുരത്ത് താമസമാക്കി.
വിവാഹ ജീവിതം തന്റെ കലാ ജീവിതത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു എന്ന് ടീച്ചര്‍ ഒരിക്കല്‍ സ്മരിക്കയുണ്ടായി മൂഴിക്കുളം കൊച്ചുകുട്ടന് ചാക്യാരുമായുള്ള പരിചയം കലാമണ്ഡലം സതിയെ മാര്‍ഗിയില്‍ എത്തിച്ചു. നങ്ങ്യാര്‍കൂത്തിന്റെ സൗന്ദര്യശാസ്ത്രപരമായ സാധ്യതകളെകുറിച്ച് മനസ്സിലാക്കി. ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും അവതരിപ്പിച്ചിട്ടുണ്ട്. 2011ല്‍ കൂടിയാട്ടത്തെ ലോകപൈതൃക കലയായി യുനസ്കൊ അംഗീകരിച്ച വേദിയില്‍ കൂടിയാട്ടം അവതരിപ്പിക്കാന്‍ ടീച്ചറിന് അവസരം ലഭിച്ചു. സൂര്യഫെസ്റ്റിവലില്‍ പ്രബുദ്ധരായ കാണികളുടെ മുന്നില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. ക്രമേണ കലാമണ്ഡലം സതി മാര്ഗിസതിയായി മാറി.
മാര്‍ഗി സതി ചിട്ടപ്പെടുത്തിയ ആട്ടപ്രകാരങ്ങള്‍ ‘ശ്രീരാമചരിതം, ഭക്തമീര, സീതായനം, ഒരു ജാപ്പനീസ് നാടോടിക്കഥ’ ഇങ്ങനെ പോകുന്നു. ആദ്യ പുസ്തകം അയ്യപ്പപണിക്കരുടെ സഹായത്തോടെ ‘ശ്രീരാമചരിതം’ എന്ന പേരില്‍ കലാമണ്ഡലത്തില്‍വച്ച് പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകം ചിലപ്പതികാരത്തെകുറിച്ചായിരുന്നു. പ്രൊഫ. ഗുപ്തന്‍നായരുടെ സഹായത്തോടെയാണ് അത് പൂര്‍ത്തിയാക്കിയത്. സീതായനത്തില്‍ അരങ്ങേറുന്നത് ശ്രീരാമ പത്നി യുടെ മൂന്ന് വേളകളാണ്. കൗമാരകുതുഹലങ്ങളും, പ്രിയമാനസനോടുള്ള പ്രണയവും രാവണപുരിയിലെ അകംനീറുന്ന വേദനയും. തമസാ നദിയുടെ തീരത്തെ തിരയടങ്ങാത്ത സമുദ്രം ആണ് സീത. ശൃംഗാരശോക ശാന്ത രസങ്ങളുടെ അഭിനയസാധ്യത ഇവിടെ വെളിപ്പെടുത്തുന്നു.കലാമണ്ഡലത്തില്‍ എത്തിയാല്‍ കൂടുതല്‍ സമയവും ടീച്ചറിന്റെ കൂടെ ചിലവഴിക്കാനാണ് എനിക്കിഷ്ടം. ഓരോ നിമിഷവും പോസിറ്റീവ് എനര്‍ജിമാത്രം നല്കുന്ന സംസാരവും അംഗചലനങ്ങളും ടീച്ചറിന്റെ പ്രത്യേകതയാണ്.
സതി ടീച്ചറിന്റെ നങ്ങ്യാര്‍ക്കൂത്ത് കാണുന്നത് ഒരാവേശമായിരുന്നു. ഉണ്ണിക്കണ്ണന്റെ ബാലലീലകളും പൂതനാമോക്ഷവും കണ്ണകി, സീതായനം തുടങ്ങിയവയെല്ലാം വ്യത്യസ്ത അനുഭവങ്ങളാകും ആസ്വാദകര്‍ക്ക് നല്കിയിരിക്കുക.
അരങ്ങില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് സതി ടീച്ചര്‍ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. കലയല്ലാതെ മറ്റൊന്നും ജീവിതം വഴിമുട്ടിനില്ക്കുന്ന മാര്‍ഗി സതിയ്ക്ക് മുന്നിലില്ലായിരുന്നു. ആ കാലഘട്ടത്തിലാണ് കലാമണ്ഡലത്തില്‍ കൂടിയാട്ട വിഭാഗത്തില്‍ അധ്യാപികയായി ജോലി ലഭിച്ചത്. ‘എന്റെ കലയാണ് എന്റെ സമ്പത്ത്, എന്റെ വിജയത്തിന്റെ കാരണവും ഇതാണ്’ എന്ന ചിന്താധാരയാണ് സതി ടീച്ചറെ മുന്നോട്ട് നയിച്ചതും. ഭക്തമീരയിലും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ എന്ന നോവലിന്റെ സീരിയല്‍ ആവിഷ്കാരത്തിലും നിറസാന്നിധ്യമാകാന്‍ ടീച്ചര്‍ക്ക് സാധിച്ചതും ഇതുകൊണ്ടുതന്നെ. സിനിമയിലേക്ക് പല അവസരങ്ങള്‍ ലഭിച്ചെങ്കിലും നോട്ടം എന്ന ചലച്ചിത്രത്തോട് പ്രത്യേക താല്പര്യം തോന്നിയതിനാലാണ് ആ ഓഫര്‍ സ്വീകരിച്ചത്. അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ മുഖ്യനായിരുന്നു പോറ്റി. അതില്‍ സരസ്വതി നങ്ങ്യാരുടെ വേഷമായിരുന്നു. മരണത്തില്‍ നിന്നുള്ള അതിജീവനമായിട്ടാണ് ആ വേഷം അനുഭവപ്പെട്ടതെന്നും ടീച്ചര്‍ പറയുകയുണ്ടായി.
ടീച്ചറിന്റെ ജീവിതത്തില്‍ കൊളുത്തിയ കെടാവിളക്കായിരുന്നു പോറ്റി. ജീവിതത്തില്‍ ഒന്നിന് പുറകെ ഒന്നായി ഗുരുതരമായ പ്രതിസന്ധികള്‍ വരുമ്പോഴും തന്റെ സ്വതഃസിദ്ധമായ പുഞ്ചിരി കാത്തുസൂക്ഷിച്ച് തന്നോടുചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഒരാശ്വാസം ആകാന്‍ ടീച്ചര്‍ എന്നും ശ്രദ്ധിച്ചിരുന്നു. ഈ ചുരുങ്ങിയ കലാജീവിതത്തിലും അനേകം ശിഷ്യരുടെ പ്രിയ അധ്യാപികയായി കളരിയിലും, നല്ലൊരമ്മയായി ക്വാര്‍ട്ടേഴ്സിലും നല്ല സുഹൃത്തായി കൂത്തമ്പലത്തിലും തിളങ്ങി നിന്നിരുന്ന സതി ടീച്ചറുടെ മകള്‍ രേവതിയും അമ്മയുടെ പാത പിന്തുടരുന്നു. പട്ടാമ്പി സംസ്കൃത കോളേജില്‍ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ദേവനാരായണനാണ് മകന്. മറഞ്ഞിരുന്ന അസുഖം തലപൊക്കിയപ്പോള്‍ ടീച്ചറിന്റെ ദുഖവും മകനെയോര്‍ത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: