പാങ്ങ്: കരിങ്കല്‍ ക്വാറിയില്‍ കൊലചെയ്യപ്പെട്ട ചോലാശ്ശേരി സാജിദയുടെ കൊലപാതകത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൊല്ലപ്പെട്ട സാജിദയുടെ ആഭരണങ്ങള്‍ കണ്ടെത്തി എന്നുപറഞ്ഞ പോലീസ് ഇപ്പോള്‍ ഇത് കിട്ടിയിട്ടില്ലെന്ന് പറയുന്നതില്‍ ദരൂഹതയുണ്ട്. ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. സ്വര്‍ണ്ണത്തിന് വേണ്ടിയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കൊലചെയ്ത ആസാം സ്വദേശി കൃത്യം നടത്തിയ ശേഷം ആഭരണങ്ങള്‍ ക്വാറി ഉടമയായ അബ്ദുവിന്ന് നല്‍കിയെന്നും ഇത് പോലീസ് കണ്ടെത്തിയെന്നുമായിരുന്നു പോലീസ് ബന്ധുക്കളോടും, നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് ആഭരണങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തിലെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തി യതാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസിന് പരാതി നല്‍കിയതായും നാട്ടുകാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ ആസ്സാമിലേക്ക് പോയ പോലീസിന് സാമ്പത്തിക സഹായം നല്‍കിയത് ക്വാറി മാഫിയയാണെന്നും ഇവര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ നിരവധി തെളിവുകള്‍ പോലീസിന് നല്‍കിയെങ്കിലും ഇതൊന്നും അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍ നാസര്‍, വി.ടി.എ.സമദ്, വി.പി.ഗിരീഷ്, സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: