അരീക്കോട്: ആദ്യമായി നാട്ടിലേക്കെത്തിയ ജില്ലാ സ്കൂള്‍ കലോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അരീക്കോടന്‍ ജനത. സംഘാടകര്‍ക്കൊ പ്പം കൈമെയ് മറന്ന് മത്സരാര്‍ത്ഥിക ള്‍ക്ക് പ്രോ ത്സാഹനവുമായി നാട്ടുകാര്‍ ഒന്നടങ്കമുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു.
വിവിധ വിഭാഗങ്ങളില്‍ ചിത്രരചന (പെന്‍സില്‍),ജലച്ചായം, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥാരചന, കവിതാരചന, ഉപന്യാസം, മൃദംഗം, തബല, ട്രിപ്പിള്‍/ജാസ്, കഥകളിസംഗീതം, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, മലയാളപ്രസംഗം, ഹിന്ദി പ്രസംഗം, സംസ്കൃതം സിദ്ധരൂപോച്ചാരണം, ഗദ്യപാരായണം, പ്രശ്നോത്തരി, അറബിക് പദകേളി, തര്‍ജ്ജമ, ക്വിസ്, ഉപന്യാസം, പദപ്പയറ്റ്, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം, പ്രശ്നോത്തരി, അറബിക് ക്യാപ്ഷന്‍ രചന, കഥാരചന, കവിതാരചന എന്നീ മത്സരങ്ങള്‍ നടന്നു.
സംഘാടക സമിതിക്ക് പുറമെ പ്രാദേശിക ജനകീയ കമ്മിറ്റികളും കൈമെയ് മറന്ന് മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 18 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 17 സബ്ജില്ലകളില്‍ നിന്നായി 8000 ഓളം വിദ്യാര്‍ത്ഥികള്‍ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്. സംസ്കൃതം, അറബിക് അടക്കം 300 ഇനങ്ങളിലാണ് മത്സരം. അരീക്കോട് ഹയര്‍സെക്കണ്ടറി സ്കൂള്‍ വളപ്പിലും ഐടിഐ റോഡിന് സമീപത്തുമായി 16 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.അരീേക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂളിലാണ് രചനാ മത്സരങ്ങള്‍ നടന്നത്.
കലോത്സവ നഗരിയില്‍ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ് വേദികള്‍. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം നല്‍കുന്നുണ്ട്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പായസമടക്കമുള്ള ഭക്ഷണം ഒരുങ്ങുന്നത്. മത്സരങ്ങള്‍ വൈകുന്നത് പതിവാകുന്ന കലോത്സവത്തില്‍ നിന്ന് വ്യത്യസ്തമായി സമയക്രമം പാലിക്കാന്‍ സംഘാടകരുടെ പ്രത്യേക ശ്രദ്ധ നല്‍കിയത് വിജയമായി. രജിസ്ട്രേഷന് സമയത്ത് തന്നെ മത്സരാര്‍ത്ഥി പങ്കെടുക്കുന്ന സ്കൂള്‍ പ്രധാനാധ്യാപകന്റെയോ ചുമതലയുള്ള അധ്യാപകന്റെയോ സത്യവാങ്മൂലം എഴുതി വാങ്ങിയിരുന്നു. മൂന്നുതവണ മത്സരാര്‍ഥിയെ വിളിച്ച് എത്തിയില്ലെങ്കില്‍ മത്സരിക്കാന്‍ അയോഗ്യതയുണ്ടാവും. ഇത് ഉറപ്പാക്കാനാണ് സത്യവാങ്മൂലം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: