കൊച്ചി : ശബരിമലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡിസംബര്‍ 28 ന് സന്നിധാനം ഔട്ട് പോസ്റ്റിനു സമീപം മഌവിനെ ചത്ത നിലയില്‍ കണ്ടതു ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന ഭക്ഷണത്തില്‍ കുതിര്‍ന്ന പഌസ്റ്റിക് കവറുകളിലെ ഉപ്പും മധുരവും വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന ഇത്തരം നടപടികള്‍ കര്‍ശനമായി തടയാന്‍ നടപടിവേണമെന്നും പെരിയാര്‍ വൈല്‍ഡ് ഡിവിഷനിലെ പ്രൊജക്ട് ടൈഗര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നുവെന്നു വ്യക്തമാക്കിയാണ് പെരിയാര്‍ വൈല്‍ഡ് ഡിവിഷനിലെ പ്രൊജക്ട് ടൈഗര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഔട്ട് പോസ്റ്റിനു സമീപം ചത്ത നിലയില്‍ കണ്ട ഏഴു വയസുള്ള മാനിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 4.7 കിലോഗ്രാം പ്ലാസ്റ്റിക് വയറ്റില്‍ നിന്ന് കണ്ടെടുത്തതായി പറയുന്നുണ്ട്.
സന്നിധാനത്തും പമ്പയിലും ശുചീകരണത്തിനായി പുണ്യം പൂങ്കാവനം, ശുചിത്വ മിഷന് എന്നീ പദ്ധതികളും ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ (എസ്. എസ്.എസ്) പ്രവര്‍ത്തനവും നടക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് മാന്‍ ചത്ത സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ ആദ്യവാരം ശബരിമല വനത്തില്‍ ഒരു കാട്ടാന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് ചരിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ശക്തമാക്കാന്‍ ഹൈക്കോടതി ഇടപെട്ടെങ്കിലും നടപടികള്‍ ഫലപ്രദമായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി അംഗങ്ങള്‍ കാനനപാതയില്‍ നിന്നും സന്നിധാനത്തെ വാണിജ്യ മേഖലകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കാട്ടില്‍ തന്നെ നിക്ഷേപിക്കുന്നത് വനം വകുപ്പ് കണ്ടെത്തിയിരുന്നു. മേലധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അംഗങ്ങള്‍ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് ഈ വിഷയം പമ്പയിലെ ഡെപ്യൂട്ടി മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ പ്രതികരണം അനുകൂലമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: