മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്, ലീഗ് കക്ഷികളില്‍ അഭിപ്രായ ഭിന്നത. പ്രതിപക്ഷമായ എല്‍.ഡി.എഫും ഉറച്ച നിലപാട് സ്വീകരിച്ചതോടെ പ്രശ്ന പരിഹാരത്തിനായി തിരക്കിട്ട ശ്രമം. രണ്ടുതവണ മാറ്റിവെച്ച നിയമന കൂടികാഴ്ച്ച നാളെ നടക്കുമെന്നാണ് സൂചന. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിന് ലഭിച്ചതോടെ പ്രസിഡന്റിന്റെ വാഹന ഡ്രൈവറായി കോറോം സ്വദേശിയായ ലീഗുകാരനെ നിയമിച്ചതാണ് അഭിപ്രായ ഭിന്നതക്കിടയാക്കിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ഉണ്ടായിരുന്നപ്പോള്‍ നിയമിച്ച പിലാക്കാവ് സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ ഡ്രൈവറായി നിയമിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ലീഗ് ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് ഡ്രൈവര്‍ നിയമനത്തെച്ചൊല്ലി ഭരണകക്ഷിയില്‍ തന്നെ മുറുമുറുപ്പ് തുടങ്ങിയത്. നിലവിലെ ബോര്‍ഡ് തീരുമാനം പുതിയ കൂടികാഴ്ച്ച നടത്തി ഡ്രൈവറെ നിയമിക്കാനും, അതുവരെ പഴയ ഡ്രൈവര്‍ തന്നെ തുടരാനുമായിരുന്നു. ഈ തീരുമാനം നടപ്പാക്കണമെന്ന് പ്രതിപക്ഷവും നിലപാടെടുത്തതോടെ തിരക്കിട്ട പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കോറോം സ്വദേശിയായ ഡ്രൈവര്‍ കുറച്ചുനാള്‍ വാഹനം ഓടിച്ചിരുന്നു. എന്നാല്‍ തര്‍ക്കം ഉടലെടുത്തതോടെ ഇയാളെ മാറ്റുകയായിരുന്നു. നിലവില്‍ ഡ്രൈവറില്ലാത്തതിനാല്‍ വാഹനം ഉപയോഗിക്കുന്നില്ല. പ്രസിഡന്റിന് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ രണ്ടുതവണ മാറ്റിവെച്ച കൂടികാഴ്ച്ച നാളെ നടത്താന്‍ തീരുമാനമായതായാണ് പറയപ്പെടുന്നത്. ഏതായാലും ഡ്രൈവര്‍ നിയമനം ഭരണകക്ഷിയില്‍ തുടക്കത്തിലെ കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: