ക്ഷേത്രാരാധകരില് അതിന്റെ ശാസ്ത്രീയവശമായ അറിവ് വര്‍ധിക്കുന്നതനുസരിച്ച് വഴിപാടുകള്‍ കഴിക്കുന്നതിലും ഉത്സവം, പൂരം മുതലായവ ആഘോഷിക്കുന്നതിലും പൂജാദികള്‍ നടത്തുന്നതിലും അവസാനം ക്ഷേത്രഭരണനടത്തിപ്പിലും ഗണ്യമായ പുരോഗതി ഉണ്ടാവുമെന്നത് സുനിശ്ചതമാണ്, ഇന്ന് ഈ വക കാര്യങ്ങളിലെല്ലാം അവര്‍ക്ക് ഒരു അലസതയാണ് കാണുന്നത്. വെറും വിഗ്രഹത്തില്‍ മാത്രം ഈശ്വരനെ കാണുന്നു. ഈശ്വരന്റെ പ്രത്യക്ഷ സ്വരൂപമായ മനുഷ്യനെ അവഹേളിക്കുന്നു, വിവരമില്ലാത്തവര്‍ എന്നെ വെറും മനുഷ്യനെന്നു കരുതി അപമാനിക്കുന്നു എന്ന് ഗീത ഒമ്പതാം അദ്ധ്യായത്തില്‍ 11-ാം ശ്ലോകത്തില്‍ ഭഗവാന് തന്നെ അരുളിയിരിക്കുന്നു.
അര്‍ജ്ജുനനും ആ അപകടം പിണഞ്ഞ് ഭഗവാനെ വെറും ചങ്ങാതി എന്നു കരുതി കൃഷ്ണാ, യാദവാ, സ്നേഹിതാ എന്നെല്ലാം വിളിച്ചു. വണ്ടിക്കാരനാവാന്പോലും പറഞ്ഞു. ഭഗവാന്റെ വിശ്വരൂപം കണ്ടതും തന്റെ തെറ്റ് ക്ഷമിക്കുവാനപേക്ഷിച്ചു. ദരിദ്രനാരായണരൂപത്തില് ക്ഷേത്രപരിസരത്തുപോലും കാണുന്ന ഈശ്വരരൂപത്തെ അവഗണിച്ച് അവഹേളിച്ച് ആയിരക്കണക്കിന് രൂപ ചെലവാക്കി ആര്‍ഭാടപൂര്‍വം ഉദയാസ്തമനപൂജ, ഉത്സവം, പൂരം മുതലായവ നടത്തുന്നത് ഈശ്വരന്റെ സര്വാത്മകത്വവും യഥാര്ത്ഥരൂപ സങ്കല്‍പ്പവും അല്‍പ്പം അറിയാന്‍ തുടങ്ങിയാല്‍ താനെ അസ്തമിക്കും. പണ്ട് മൂര്‍ത്തി പൂജ മതിയായിരുന്നു, ഇന്ന് ദരിദ്രനാരായണ, അജ്ഞനാരായണ, രോഗിനാരായണന്മാരുടെ പൂജ കൂടി വേണമെന്ന് സ്വയമറിയും. അടുത്തനില്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍ക്ക്; അരൂപന് ഈശ്വരന് അചിന്ത്യനായതിലെന്തൊരാശ്ചര്യം?
മനുഷ്യന്റെ ശാരീരികവും മാനസികവും ബുദ്ധിപരമായ വളര്‍ച്ചയേ മുന്നില്‍ കണ്ടാണ്, ശാസ്ത്രീയമായി ആരാധനാക്രമത്തേയും ഋഷീശ്വരന്മാര് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതൊരു പ്രവൃത്തിയേയും ഈശ്വരനോട് ബന്ധിപ്പിച്ച് അതിന്റെ ഗൗരവത്തേയും ഭവ്യതയേയും വളര്‍ത്തുന്നു. സൂര്യോദയത്തിനുമുമ്പ് കുളിക്കുന്നത് ഭഗവാനെ നേരത്തെ തൊഴാനാണ്. അതൊന്നിച്ച് ആരോഗ്യം തനിയേ വര്‍ധിക്കുന്നു.
ശരീരത്തിലെ ദുര്നീര് വറ്റാന്‍ പറ്റിയ ഭസ്മക്കുറിയിടല്, നെറ്റിക്ക് തണുപ്പുതരുന്ന ചന്ദനം പൂശല്‍, വ്യായാമത്തിനാവശ്യമായ പ്രദക്ഷിണം വെയ്ക്കല്‍ ശുദ്ധവായു ലഭിക്കാനായി ആല്‍പ്രദക്ഷിണം; സര്വരോഗശമനത്തിനുതകുന്ന ദിവ്യൗഷധമായ തുളസീതീര്‍ത്ഥം സേവിക്കല്‍ മലബന്ധത്തെ തുടച്ചുമാറ്റുന്ന ഏത്തംഇടല്; സര്‍വാംഗങ്ങള്‍ക്കും വ്യായാമവും തേജസ്സും നല്കുന്ന സൂര്യനമസ്കാരം, ഇവയെല്ലാം ഈശ്വരനുമായി ബന്ധിപ്പിച്ചതിലെ ബുദ്ധിവൈഭവം എത്ര മഹത്താണ്! വെറും ശുഷ്കര്മത്തെ ഉപാസനയാക്കി മാറ്റുന്ന യുക്തിയാണിത്. അതുപോലെ സാമൂഹ്യബോധം വളര്‍ത്താനും കൂടിയാണ് ഭജന, ഉത്സവം, പൂരം, തീര്‍ത്ഥയാത്ര മുതലായവ.
ബുദ്ധിപരമായ വളര്‍ച്ചയ്ക്കുവേണ്ടി വേദപഠനം, ഉപനിഷത്ത്, ഗീത, പുരാണം ഇവയുടെ പാരായണം, ശ്രവണം എന്നിവയുടെ നിശ്ചയിച്ചു. ഈ കാരണങ്ങളാലാണ് തുടക്കത്തില്‍ തന്നെ ക്ഷേത്രം വെറും ഒരു പ്രാര്‍ത്ഥനാ മന്ദിരം മാത്രമല്ല എന്ന് പ്രത്യേകം പറഞ്ഞത്. ഹിന്ദുസമുദായത്തിന്റെ സര്വതോന്മുഖമായ വളര്‍ച്ചയുടെ കേന്ദ്രമാണ് അവരുടെ ക്ഷേത്രങ്ങള്‍.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: