പാലോട്: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. നാട്ടിലിറങ്ങി ആളുകളെ ആക്രമിക്കുന്നതിനൊപ്പം വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. കെണിവയ്ക്കാനോ വെടിവെച്ചിടാനോ നാട്ടുകാര്‍ക്ക് അനുവാദമില്ല. പന്നിക്ക് പോറലേറ്റാല്‍ പോലും കര്‍ഷകര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വനംവകുപ്പിന്റെ ഭീഷണി. മലയോരവാസികള്‍ രാത്രിയോ പകലോ എന്നില്ലാതെ പന്നിപ്പേടിയിലാണ്. മലയോരത്ത് അവശേഷിക്കുന്ന ഏക നെല്‍പ്പാടമായ ചെല്ലഞ്ചി വയലേല കഴിഞ്ഞദിവസം പന്നികള്‍ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചു. കടം വാങ്ങിയും പലിശയ്ക്ക് എടുത്തും വിളവിറക്കിയ കര്‍ഷകര്‍ കടക്കെണിയിലായി. റബര്‍ എസ്റ്റേറ്റുകളിലും കുറ്റിക്കാടുകളിലും ആവാസമുറപ്പിക്കുന്ന പന്നികളാണ് വ്യാപക നാശം വിതയ്ക്കുന്നത്. ഇവറ്റകള് മനുഷ്യരെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. പനവൂരില്‍ ബൈക്ക് യാത്രക്കാരനായ ഗൃഹനാഥന് പന്നി ആക്രമണത്തില്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കാട്ടുംപുറത്ത് പന്നി ആക്രമണത്തില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്.
എലികളെപ്പോലെ ക്രമാതീതമായി പെരുകുന്ന കാട്ടുപന്നികള്‍ മരിച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷികവിളകള്‍ തിന്നുന്നതിനാണ് ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. പന്നി കുത്തി പരിക്കേല്‍പ്പിച്ചാല്‍ പേ വിഷത്തിനുള്ള കുത്തിവയ്പ്പും ചികിത്സയുമാണ് നടത്തുക. ഇതിന് ഭാരിച്ച ചെലവുണ്ട്. ആനാട്, പനവൂര്‍, നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്ത് പ്രദേശങ്ങളില്‍ കാട്ടുപന്നിശല്യം മുന്‍ കാലങ്ങളെക്കാള്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. ഏക്കര്‍ കണക്കിനു കൃഷിയാണ് പന്നിശല്ല്യം കാരണം അനുദിനം നശിപ്പിക്കപ്പെടുന്നത്.
കാട്ടുപന്നികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും കര്ഷകരിലെത്താന് കാലതാമസമെടുക്കുന്നതായാണ് പരാതി. വകുപ്പു തലത്തില്‍ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് ഇതിനു കാരണമെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.
വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍നോട്ടത്തില്‍ കാട്ടുപന്നി ശല്ല്യത്തെക്കുറിച്ച് പഠിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് സമിതിയെ നിയോഗിച്ചെങ്കിലും കാര്യമായ പരിഹാര മാര്‍ഗങ്ങള്‍ ഇനിയും നിര്‍ദേശിച്ചിട്ടില്ല. പന്നിശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം പെരുകുമ്പോഴും പ്രശ്നപരിഹാരമുണ്ടാകുന്നില്ലെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: