തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ഇടതുമുന്നണിയെ പിന്തുണച്ച് യുഡിഎഫ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭയുടെ ആദ്യയോഗത്തിലാണ് ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് യുഡിഎഫിന്റെ പിന്തുണ ലഭിച്ചത്. കേവലഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് പ്രതിപക്ഷമായ ബിജെപിയെ മറികടക്കാന്‍ യുഡിഎഫ് വരുംനാളുകളിലും പിന്തുണ തുടരുമെന്ന് ഇന്നലത്തെ കൗണ്‍സിലില്‍ വ്യക്തമായി. നഗരസഭയില്‍ എല്‍ഡി എഫ് യുഡിഎഫ് ധാരണ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മറനീക്കി പുറത്തുവരുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ഇത് ആദ്യ കൗണ്‍സില്‍ യോഗത്തില്‍ത്തന്നെ വ്യക്തമായി.
നഗരസഭയുടെ നേമം സോണിലെ ഓഫീസ് അറ്റന്‍ഡന്റായ രഞ്ജിത്തും ഫോര്‍ട്ട് സോണിലെ കെ.ജി. സതീഷ്കുമാറും ഓഫീസില്‍ അടികൂടിയ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വോട്ടിനിടാതെ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് യുഡിഎഫ് എടുത്തത്. സതീഷ്കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം 2015 നവംബര്‍ 5 ന് രഞ്ജിത്തിനെ സസ്പെന്‍ഡു ചെയ്തു. ഇയാളുടെ സസ്പെന്ഷന് കൗണ്‍സില്‍ അംഗീകരിക്കുന്നതായി മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍കക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു ജീവനക്കാരനെതിരെ നടപടിയെടുക്കുന്നത് ഉചിതമല്ലെന്ന് യുഡിഎഫിലെ കെ.സി. വിമല്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന ജീവനക്കാരെ ശിക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടേ എന്നായി ഇടതുമുന്നണിയുടെ പാളയം രാജന്. ഹൈക്കോടതി വിധിപോലും മാനിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ മാത്രം ബലത്തില്‍ സസ്പെന്ഷന് ശരിവയ്ക്കരുതെന്ന് നെടുമം മോഹനന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് ബിജെപി നഗരസഭാകക്ഷി നേതാവ് ഗിരികുമാര്‍ ചോദിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും രാഷ്ട്രീയം കളിക്കുകയാണ്. അതിനാല്‍ പ്രശ്നം വോട്ടിനിടണമെന്ന് ബിജെപിയുടെ എം.ആര്. ഗോപനും നിലപാടെടുത്തു. ഭരണകക്ഷി അനുകൂല സംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും മറ്റ് സംഘടനകളില്പ്പെട്ടവരോട് വിവേചനപരമായി പെരുമാറുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ രാഷ്ട്രീയം പാടില്ലെന്ന നിലപാടില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉറച്ചുനിന്നു. ഇടതുമുന്നണിയുടെ സോളമന് വെട്ടുകാട് പ്രതിരോധിക്കാന്‍ ശ്രമിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങള്‍ സസ്പെന്ഷന് നടപടിയെ എതിര്‍ത്തു. ഇതിനിടെ അജന്‍ഡ അംഗീകരിച്ചതായി മേയര്‍ അറിയിച്ചു.
ഭൂരിപക്ഷമില്ലാത്ത ഇടതുമുന്നണിക്ക് ബിജെപിയുടെ ആവശ്യം ചെവിക്കൊള്ളാതെ മുന്നോട്ടുപോകാനാകില്ലെന്ന് എം.ആര്. ഗോപന് മുന്നറിയിപ്പുനല്‍കി. അജന്‍ഡ അംഗീകരിച്ചതിനാല്‍ വോട്ടിംഗ് അനുവദിക്കില്ലെന്നായി ഇടതുമുന്നണിയിലെ എസ്. പുഷ്പലത. എം.ആര്. ഗോപന് വോട്ടിംഗിന് നേരത്തേ തന്നെ ആവശ്യപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ കരമന അജിത്തും വോട്ടിംഗ് വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. അപ്പോഴേക്കും യുഡിഎഫിന്റെ ബീമാപ്പള്ളി റഷീദ് ഇടപെട്ടു. കോര്‍പ്പറേഷന്റെ തന്നെ മറ്റൊരു ജീവനക്കാരനെ ഓഫീസില്‍ക്കയറി ഒരാള്‍ മര്ദ്ദിച്ചാല് നഗരസഭ കയ്യുംകെട്ടി നില്ക്കണമോ എന്ന് റഷീദ് ചോദിച്ചു. ഇത്തരം തെറ്റുകള്‍ക്ക് ബിജെപി കൂട്ടുനില്‍ക്കരുതെന്നും സസ്പെന്ഷന് തീര്‍ത്തും ഉചിതമാണെന്നുംപറഞ്ഞ് യുഡിഎഫ് മലക്കം മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: