തിരുവനന്തപുരം : മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കും. സന്നിധാനത്ത്, എന്‍ഡിആര്‍എഫ്, ആര്‍എഎഫ് കേന്ദ്ര സേനകള്‍ക്കുപുറമേ നാലായിരം പോലീസ് സേനാംഗങ്ങളെ വിന്യസിക്കും.
പതിനെട്ടാംപടിയിലെ സേവനത്തിന് പരിചയസമ്പന്നരായ പോലീസ് സേനാംഗങ്ങളെ നിയോഗിക്കും.ഭക്തജനത്തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ ആയിരം ബസ്സുകള്‍ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.
ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പമ്പ ആരോഗ്യഭവനില്‍ പുതിയ എക്സ്റേ യൂണിറ്റ് സ്ഥാപിക്കും. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. സന്നിധാനത്ത് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ക്രമീകരണങ്ങള്‍ സജ്ജമാണ്. കാര്‍ഡിയോളജി സെന്ററുകളില്‍ ഐസിയു സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള പ്രധാന പാതയിലും സ്വാമി അയ്യപ്പന് റോഡിലുമായി 21 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറന്നു. വിവിധ സ്ഥലങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍,മരുന്നുകള്‍ എന്നിവയുമായി സന്നദ്ധ സേവകരുടെ ജീവന്രക്ഷാശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. 108 ആംബുലന്‍സുകളുടെ സേവനം മകരവിളക്കിനോടനുബന്ധിച്ച് വിപുലമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കായി കൂടുതല്‍ സ്ക്വാഡുകളെ വിന്യസിപ്പിക്കും. കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി മുഖേന, ഈ സീസണില്‍ ഇതിനകം ബ്രേക്ക്ഡൗണായ 4,937 വാഹനങ്ങള്‍ നന്നാക്കി ഗതാഗത തടസ്സം ഒഴിവാക്കി. 350 കിലോമീറ്റര്‍ പദ്ധതിപ്രദേശത്ത് 20 വാഹനങ്ങളിലായി ഇപ്പോള്‍ നടത്തിവരുന്ന രാപ്പകല്‍ പട്രോളിംഗ്, മകരവിളക്കിനോടനുബന്ധിച്ച് 60 വാഹനങ്ങളിലായി വിപുലപ്പെടുത്തും.
വണ്ടിപ്പെരിയാര്‍ വഴിയും പരമ്പരാഗത കാനനപാത വഴിയും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോഴിക്കാനം,ഉപ്പുപാറ ഭാഗങ്ങളില്‍ വെളിച്ചം ലഭ്യമാക്കും. പുല്ലുമേട്,പാഞ്ചാലിമേട്, പരുന്തന്‍പാറ എന്നിവിടങ്ങളിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കും. ഇവിടങ്ങളില്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം ലഭ്യമാക്കും. അരവണ, അപ്പം നിവേദ്യങ്ങളുടെ ലഭ്യത ഉറപ്പാക്കി. മകരജ്യോതി ദര്‍ശനത്തിന് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ദേവസ്വം ബോര്‍ഡിന്റെയും മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: