മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മുഴുവന്‍ മേഖലയിലുള്ളവരും സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ ടി. ഭാസ്ക്കരന്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ ഡിഫ്ത്തീരിയ വീണ്ടണ്‍ും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ് ശാക്തീകരണ പരിപാടി- ‘ഓപ്പറേഷന് മുക്തി’യുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കലക്ടറുടെ അഭ്യര്‍ഥന.
ഡിഫ്തീരിയ ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുന്നതിന് രാഷ്ട്രീയ- സാമുദായിക- സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ അറിവും യോഗ്യതയും ഇല്ലാത്തവര്‍ രോഗ പ്രതിരോധ കുത്തിവയ്പിനെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും കലക്ടര്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലം ശാസ്ത്രീയമല്ലാത്ത ചികിത്സാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവരെയും പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാട്ടുന്നവരെയും ബോധവത്ക്കരിക്കുന്നതിനായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ രണ്ട് മരണം സംഭവിച്ചതും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഗൗരവമായി കാണണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.
ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലയില്‍ മിഷന് മുക്തി പദ്ധതി നടപ്പാക്കുന്നു. 16 വയസിന് താഴെയുള്ള 100 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാനും കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങള്‍ ഫലപ്രദമായി തടയാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 14ന്് വളവന്നൂര്‍ പഞ്ചായത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സാബിറ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ:അലിയാമ്മു എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വാര്‍ഡ് മെമ്പര്‍മാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. അടുത്ത ആഴ്ച വളവന്നൂരില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, മത സംഘടനാ പ്രതിനിധികള്‍ക്ക് കുത്തിവയ്പിനെക്കുറിച്ച് അവബോധം നല്‍കാനും പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കാനും ആവശ്യമായ ചര്‍ച്ചകള്‍ നടത്തും. കുത്തിവയ്പിനെതിരെ പ്രചാരണങ്ങള്‍ നടത്തുന്ന വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് ഡി.എം.ഒ. വ്യക്തമാക്കി.
ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ ആരോഗ്യവകുപ്പ്, എം.ഇ.എസ.് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം, ഐ.എ.പി., ഐ.എം.എ., കെ.ജി.എം.ഒ.എ., കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്, ജുവനൈല്‍ ജസ്റ്റിസ് കമ്മീഷന്, ബാര്‍ അസോസിയേഷന്, മറ്റ് സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കര്‍മ പദ്ധതി ആവിഷ്ക്കരിച്ചത്.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ടി.ഭാസ്ക്കരന്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് കണ്‍വീനറായും ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് വി. സുധാകരന്, ഹോമിയോ ഡി.എം.ഒ., ആയുര്‍വേദ ഡി.എം.ഒ., എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍, വിദ്യാഭ്യാസ- സാമൂഹിക നീതി- പൊലീസ് വകുപ്പുകള്‍, ബാര്‍ അസോസിയേഷന്, ചൈല്‍ഡ് പ്രൊട്ടക്്ഷന്‍, ജുവനൈല്‍ ജസ്റ്റിസ്് കമ്മീഷന്, ലോകാരോഗ്യ സംഘടന, യൂനിസെഫ്, കണ്ണൂര്‍- മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍, കുടുംബശ്രീ, ഫീല്‍ഡ് പബ്ലിസിറ്റി പ്രതിനിധികള്‍ എന്നിവരാണ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ഇവര്‍ക്ക് പുറമെ ജില്ലയിലെ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലങ്ങളിലും വാര്‍ഡ് തലങ്ങളിലും കമ്മിറ്റികള്‍ രൂപവത്ക്കരിച്ച് ചെയര്മാന്, കണ്‍വീനര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കും. ഇതുവഴി ജില്ലയിലാകെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.
ജില്ലയില്‍ 1,72,000 പേരാണ് ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍. ഇതില്‍ 22,000 കുട്ടികള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ നടത്തി കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള കുട്ടികള്‍ക്കും കുത്തിവയ്പ് നല്കി പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണതയിലെത്തിക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: