Categories: Thiruvananthapuram

തലമുറകളെ പുഴ കടത്തിയ ഓര്‍മ്മകളുമായി ഏലിയാവൂരിലെ കടത്തുവള്ളം യാത്രയായി

Published by

ശിവാകൈലാസ്

ആര്യനാട്: അഞ്ച് തലമുറകളെ സുരക്ഷിതമായി പുഴ കടത്തിയ ഓര്‍മ്മകളും പേറി ഏലിയാവൂരിലെ കടത്തുവള്ളം യാത്രയായി. തോണിപ്പാട്ടും തോണിക്കാരനും കടത്തുവള്ളവും ഇവിടുത്തുകാര്‍ക്ക് ഇനി ഓര്‍മ്മകള്‍ മാത്രം. മാസങ്ങള്‍ക്ക് മുന്‍പ് ഏലിയാവൂരില്‍ പുതിയ പാലം വന്നതോടെയാണ് നൂറ്റാണ്ടിന്റെ ചരിത്രം അവശേഷിപ്പിച്ച് കടത്തുവള്ളം കരയ്‌ക്ക് കയറ്റിയത്.

ഉഴമലയ്‌ക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ തോണി ലേലം ചെയ്യുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തവണ നടപടികള്‍ നടന്നെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതിനാല്‍ ലേലം ഉറപ്പിച്ചില്ല. കരയില്‍ കിടന്ന് ന

ഏലിയാവൂര്‍ പാലത്തിനരികില്‍ ലേലം ചെയ്യുവാന്‍ കെട്ടിയിട്ടിരിക്കുന്ന കടത്തുവള്ളം

ശിക്കുന്നതിലും നല്ലത് കിട്ടുന്ന വിലയ്‌ക്ക് വള്ളം ആര്‍ക്കെങ്കിലും വില്‍ക്കുക എന്നതാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ നിലപാട്.

ചരിത്ര ശേഷിപ്പെന്നോണം തോണിയെ കടവില്‍ തന്നെ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് ഏലിയാവൂരുകാര്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അതിന് സമ്മതം മൂളിയിട്ടില്ല. ഒരു കാലത്ത് നാട്ടുകാരുടെ പ്രധാന യാത്രാ മാര്‍ഗമായിരുന്നു കടത്തുവള്ളം. കനത്ത മഴയിലും കുത്തൊഴുക്കിലും സുരക്ഷിത യാത്ര ഒരുക്കിയ ഈ മുത്തച്ഛന്‍ തോണിയോട് നാട്ടുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളത്. ഒരു പതിറ്റാണ്ട് മുന്‍പു വരെ പൊതുമരാമത്ത് വകുപ്പ് മാസ ശമ്പളം നല്‍കി നിയമിച്ചിരുന്ന ആളായിരുന്നു കടത്തുകാരന്‍. എട്ട് വര്‍ഷം മുന്‍പ് കടത്തുവള്ളത്തിന്റെ ചുമതല പഞ്ചായത്തിന് കൈമാറി കിട്ടി. തുടര്‍ന്ന് അനില്‍കുമാര്‍ എന്നയാള്‍ കടത്ത് കരാറെടുത്തു. പാലം നാടിന് തുറന്ന് കൊടുക്കും വരെ അനിലായിരുന്നു കടത്തുകാരന്‍. കടത്തുവള്ളം കരയ്‌ക്ക് കയറ്റി പഞ്ചായത്ത് തോണി യാത്രയ്‌ക്ക് വിലക്ക് കല്‍പ്പിച്ചതോടെ ആരോടും പരിഭവമില്ലാതെ അനിലും പങ്കായം ഉപേക്ഷിച്ച് മറ്റ് മാര്‍ഗം തേടിപോയി. ഉഴമലയ്‌ക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുഴക്കാരനായി സേവനം അനുഷ്ടിച്ചവനെന്ന റെക്കോര്‍ഡും പേറിയാണ് അനില്‍ കടവ് വിട്ടത്.

പുതിയ ഏലിയാവൂര്‍ പാലത്തിലൂടെ ബസ്സുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ചീറിപ്പായുമ്പോഴും യാത്രക്കാരായ ഏലിയാവൂരുകാരുടെ കണ്ണുകള്‍ അറിയാതെ കടവിലേക്ക് പാളും. അനാഥമെന്നോണം കടവിന്റെ ഓരത്ത് കയറുകള്‍ കൊണ്ട് ബന്ധിച്ചിട്ടിരിക്കുന്ന തങ്ങളുടെ പ്രീയപ്പെട്ട കടത്തുവള്ളത്തിലാവും കാഴ്ച ഉടക്കുന്നത്. നേരിയ നൊമ്പരം അവരെ വേട്ടയാടുന്നുണ്ടാകും. എങ്കിലും സ്വതന്ത്രമായ സഞ്ചാര സൗഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ആ നൊമ്പരങ്ങള്‍ അലിഞ്ഞില്ലാതാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by