എല്ലാ വിഭാഗക്കാരെയും ഒരു മാലയിലെ പൂക്കളെ പോലെ കോര്‍ത്തിണക്കാന്‍ കഴിഞ്ഞതാണ് ഗുരുദേവന്റെ ഏറ്റവും വലിയ മഹത്വമെന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷമുഖനാഥന്. നാരായണഗുരുദേവന്‍ തനിക്ക് ദൈവമാണ്. വിഭജനത്തിന്റെ പ്രതീകമായ കത്രികയല്ല, കൂട്ടിച്ചേര്‍ക്കലിന്റെ സൂചിയാണ് വേണ്ടതെന്ന സന്ദേശമാണ് നാരായണഗുരു പകര്ന്നുനല്കിയതെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം. സാമൂഹിക അസമത്വം ഇല്ലാതാക്കി, എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഗുരുദേവന് ശ്രമിച്ചത്. ഏകതാ ഭാവത്തിന്റെ പ്രതീകമായിരുന്നു ഗുരുദേവന്
. കണ്ണാടി പ്രതിഷ്ഠിച്ച് അതില്‍ തന്റെ പ്രതിബിംബം കണ്ട് സ്വയം തിരിച്ചറിയാന്‍ പഠിപ്പിച്ച രമണമഹര്‍ഷിയെ പോലെയാണ് ഗുരുദേവനും. അദ്ദേഹത്തിന്റെ വലിയ സങ്കല്‍പ്പത്തിന്റെ പ്രതീകമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിദ്യാഭ്യാസമായിരുന്നു ഗുരുദേവന്റെ ഏറ്റവും വലിയ തത്വശാസ്ത്രം. വിദ്യ നേടുന്നതിലൂടെ മാത്രമെ സമൂഹത്തിന് ഉയര്‍ച്ച നേടാന്‍ കഴിയൂവെന്ന വലിയ കാഴ്ചപ്പാടാണ് ഗുരുദേവന് നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെ അസന്തുലിതാവസ്ഥ്ക്കെതിരെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ വളരെ അര്‍ത്ഥവത്താണെന്ന് അദ്ധ്യക്ഷത വഹിച്ച കര്‍ണാടക ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. സമൂഹ പരിവര്‍ത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഭാരതത്തില്‍ തന്നെ മുന്‍പന്തിയിലാണ്. ദേശവിദേശ രാജ്യങ്ങളില്‍ പോലും കേരളത്തിന്റെ യശ്ശസ് പ്രശംസനീയമാണ്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നത്തെ തലമുറ മാറ്റത്തിലൂടെയും ഐക്യത്തിലൂടെയും മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ മനസിലാവുന്നതാണ് ഗുരുവിന്റെ ധര്മ്മോപദേശങ്ങളെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈ പാക്യം പറഞ്ഞു.
ദല്‍ഹി വേള്‍ഡ് ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ സെന്ററിലെ എച്ച്എച്ച് ലാമ ഡോബോം തുല്ക്കു, തൃശ്ശൂര്‍ ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍മടവൂര്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്മാന് എം.ഐ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി സത്യാനന്ദതീര്‍ത്ഥ സ്വാഗതവും സ്വാമി സദ്രൂപാനന്ദ നന്ദിയും പറഞ്ഞു.
കാര്‍ഷിക, കൈത്തൊഴില്‍ സമ്മേളനം കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്. പ്രകാശ് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി ബിനോയ് വിശ്വം, ഡോ. പി രാജേന്ദ്രന്, വൈ.എ. റഹീം, ഡോ. പി. ഷൈന്‍ കുമാര്‍, വാണി, ആര്‍കിടെക്റ്റ് ശങ്കര്‍, ശങ്കരാനന്ദസ്വാമി, അമയൂര്‍ ഗോപി എന്നിവര്‍ സംസാരിച്ചു.
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ആത്മീയ സമ്മേളനത്തിന്റെ ഉദ്ഘാടനം മേഘാലയ ഗവര്‍ണര്‍ വി. ഷമുഖനാഥന് നിര്‍വ്വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: