മങ്കട: കേരളത്തിലെ അനുഷ്ടാന കലയായ കളംപാട്ടില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് കളംപാട്ടിലെ യുവകലാകാരന് കടന്നമണ്ണ ശ്രീനിവാസന്. മങ്കട കടന്നമണ്ണ കുറുപ്പത്ത് വീട്ടില്‍ നാരായണന്‍കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനായ ഇദ്ദേഹം കളംപാട്ടില്‍ ചരിത്രം എഴുതിയ ഈ കുടുംബത്തിലെ ഒമ്പതാം തലമുറക്കാരനാണ്. 1995 ജനുവരി അഞ്ചിന് കീഴാറ്റൂര്‍ മുതുകുര്‍ശ്ശി കാവില്‍ ഏഴാം വയസ്സിലാണു ഇദേഹത്തിന്റെ ആദ്യ അരങ്ങേറ്റം നടന്നത്. നാലു വയസ്സു മുതല്‍ കളംപാട്ട്പഠനം തുടങ്ങിയ ശ്രീനിവാസന് സ്കൂളുകളിലും, കോളേജുകളിലും ശില്പശാലകള് നടത്തിയും കളംപാടിനെ കുറിച്ച് ലേഖനങ്ങള്‍ എഴുതിയും പുതു തലമുറകള്‍ക്ക് കളം പാട്ടിനെ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ അന്യം നിന്ന് പോകുന്ന ഒരു കലയെ പരിപോഷിപ്പിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഈ യുവാവിന് വേണ്ട പ്രോത്സാഹനം നല്‍കാതെ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് സാംസ്കാരിക വകുപ്പും ബന്ധപ്പെട്ടവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: