പെരിന്തല്‍മണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ലീഗില്‍ നിന്ന് പുറത്താക്കിയവരെ തിരികെ എടുക്കണമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ അത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കേണ്ടെന്നും ലീഗ്. മുമ്പെങ്ങുമില്ലാത്ത വിധം പ്രസ്താവന യുദ്ധത്താല്‍ കലുഷിതമാവുകയാണ് പെരിന്തല്‍മണ്ണയിലെ യുഡിഎഫ് അന്തരീക്ഷം.
ലീഗിന്റെ ”വല്യേട്ടന്”മനോഭാവത്തില്‍ മനംമടുത്ത കോണ്‍ഗ്രസ് അണികളെ ലീഗിനെ ‘അടിക്കാനുള്ള’ ഒരവസരം പോലും പാഴാക്കാറില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ലീഗില്‍ ഉടലെടുത്ത കലുഷിതമായ അന്തരീക്ഷം പരമാവധി മുതലെടുക്കാനുള്ള പരിശ്രമത്തിലാണ് നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നതാകട്ടേ, ലീഗ് വിമതരേയും. തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പലഭാഗങ്ങളിലും സിപിഎമ്മിനെ കൂട്ടുപിടിച്ചാണ് ലീഗ് കോണ്‍ഗ്രസിനെ നേരിട്ടത്. സിപിഎമ്മും ലീഗും സംസ്ഥാനതലത്തില്‍ വരെ ഒന്നാകാനുള്ള സാഹചര്യം നിലനില്‍ക്കെയാണ് കോ ണ്‍ഗ്രസിന്റെ ഈ നടപടി.
ലീഗിന്റെ അടക്കിഭരിക്കല്‍ ഇനിയും സഹിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം. പ്രാദേശികതലത്തില്‍ കോണ്‍ഗ്രസ് അതിക്രമത്തില്‍ നിന്നും ഇപ്പോള്‍ ലീഗിനെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. അടുത്തുതന്നെ ബന്ധുക്കളാകാനുള്ളതാണെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നതുകൊണ്ട് സഹായങ്ങള്‍ പരസ്പരം നിഷേധിക്കാറില്ല. കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തി ലീഗ് അണികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പരസ്യ പ്രസ്താവനകള്‍ക്ക് ലീഗ് നേതാക്കള്‍ തയ്യാറാകുന്നതും. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ തൊഴുത്തില്‍കുത്തിന്റെ പ്രതിഫലനങ്ങളുണ്ടാകും എന്ന് രാഷ്ട്രീയ നിരീക്ഷകറ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: