ലോകസൃഷ്ടിക്കു മുന്‍പ് സര്‍വ്വവും കൂടി പ്രളയമായി കിടന്നു എന്നാണു ചരിത്രങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ പ്രളയം എന്നത് ശൂന്യം അല്ലെങ്കില്‍ നശ്വരം അതായത് അതിനു മുന്‍പു ഉണ്ടായിരുന്ന ലോകവാഴ്ചയുടെ സര്‍വ്വസമ്പൂര്‍ണ്ണതകളും ശൂന്യപ്പെട്ടു നശ്വരമായി കിടന്നിരുന്നു എന്നത്രെ യാഥാര്‍ത്ഥ്യം. ആദ്യം അവസാനിക്കുന്നത് സൂര്യനാണ്. സൂര്യന്‍ പൂര്‍ണ്ണമായി മാറി എന്നു കണ്ടാല്‍ ഈ ലോകം ആസകലം മരണം പ്രാപിച്ചു.
സൂര്യനോടു കൂടി സകലവും അസ്തമിച്ചു (നശ്വരമായി) ലോകം പിന്നെയും തന്റെ പൂര്‍വ്വസ്ഥാനത്തെ പ്രാപിക്കുന്നു. അതായത് പ്രളയമായി തീരുന്നു. ഈ ലയ അവസ്ഥയെ അല്ലെങ്കില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്ന അവസ്ഥയെ ലോകവാഴ്ചയുടെ സര്‍വ്വസൃഷ്ടികളുടെയും അവസാനഘട്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ നിന്നുണ്ടായ സര്‍വ്വസൃഷ്ടികളും അവസാനത്തില്‍ ഭൂമിയില്‍ തന്നെ ചേരുന്നു.
ഒരു മനുഷ്യന്റെ മരണഘട്ടത്തില്‍ തന്റെ ശരീരത്തില്‍ നിന്ന് ചൂടും വായുവും കൂടി ചൈതന്യമായി നിന്ന ജീവനാണ് തന്നെ വിട്ടു നഷ്ടപ്പെടുന്നത്. (അസ്തമിക്കുന്നത്) ഇതോടു കൂടി ആ മനുഷ്യന്റെ ജീവിതം (വാഴ്ച) നഷ്ടപ്പെട്ടു. ഭൂമിയില്‍ ഒരു ചെടി മുളയ്‌ക്കണമെങ്കില്‍ അഗ്നി, വായു, ആകാശം, ഭൂമി, ജലം ഇവ അഞ്ചും ചേര്‍ന്നെങ്കില്‍ മാത്രമേ സാദ്ധ്യമാകുന്നുളളു. തന്മൂലം അതില്‍ നിന്നുണ്ടാകുന്ന ഫലത്തില്‍ ഈ അഞ്ചിന്റെയും ഗുണങ്ങളുണ്ട്. സസ്യഫലങ്ങള്‍ ആദിയായവ ഭുജിച്ചിട്ടാണ് സര്‍വ്വജീവജാലങ്ങളും ഉളവായിട്ടുള്ളതും ഉപജീവിക്കുന്നതും.
















