മലപ്പുറം: ജില്ലയിലെ ഭൂരിപക്ഷം എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും പഠനത്തിനുള്ള അടിസ്ഥാന സൗകര്യപോലുമില്ലാത്ത ദുരവസ്ഥ.
ക്ലാസ്സ് മുറികള്‍, ലബോറട്ടറി, ലൈബ്രറി, ശോച്യാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പല സ്‌കൂളുകളിലും പേരിനുമാത്രമാണ്. പ്ലസ് വണ്‍ പ്രവേശന സമയത്ത് സര്‍ക്കാര്‍ അനുവദിച്ച ഫീസിനു പുറമേ വന്‍ തുക കുട്ടികളില്‍ നിന്ന് അടിച്ചു മാറ്റിയ മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ കൈ മലര്‍ത്തുകയാണ്.
പെരിന്തല്‍മണ്ണ, മാവണ്ടിയൂര്‍,പൊന്നാനി, പാങ്ങ്, തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എയ്ഡഡ് ഹയര്‍സെക്കണ്ടറികളിലെ പഠന സൗകര്യങ്ങള്‍ പരിതാപകരമാണ്. പ്ലസ്ടു ബാച്ച് ലഭിക്കുന്നതിന്നായി കെട്ടിടം സംബന്ധിച്ചും സൗകര്യങ്ങള്‍ സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് ജില്ലിയിലെ വലിയൊരു വിഭാഗം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ബാച്ചുകളും കോഴ്‌സുകളും കരസ്ഥമാക്കിയതെ വ്യക്തമാക്കുന്നതാണ് പലയിടങ്ങളിലേയും ക്ലാസ്സ് നടത്തിപ്പ്.
വേണ്ട സൗകര്യങ്ങള്‍ എര്‍പ്പെടുത്താതെ 1998 മുതല്‍ പ്ലസ്ടു നടത്തുന്ന ചില സ്‌കൂളുകളും ജില്ലയിലുണ്ട്. ആവശ്യത്തിനുകെട്ടിടമോ മറ്റു സൗകര്യങ്ങളൊ ഇല്ലാതെ ഹയര്‍സെക്കണ്ടറി പദവി നേടുകയും കാലാകാലങ്ങളില്‍ പുതിയ ബാച്ചുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്ന വിദ്യാഭ്യാസവകുപ്പില്‍ സ്വാധീനമുള്ള മാനേജ്‌മെന്റ് പ്രമുഖകര്‍ അധ്യാപക തസ്തികകള്‍ നേടിയെടുക്കുയും ലക്ഷങ്ങള്‍ വാങ്ങി അധ്യാപകരെ നിയമക്കുയും ചെയ്തു പോരുകയാണ്.
കോടികള്‍ ഇതു വഴി വാരിയിട്ടും സ്‌കൂളിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ, കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനോ ഒരു തരത്തിലുമുള്ള ഇടപെടലുകളോ, സംഭാവനയോ നല്‍കാന്‍ സ്‌കൂള്‍ നടത്തിപ്പുകാര്‍ തയ്യാറല്ല.
പ്ലസ് പ്രവേശന സമയത്ത് കുട്ടികളില്‍ നിന്ന് വന്‍ കൊള്ളയാണ് ഇക്കുറിയും ഇവര്‍ നടത്തിയത്. കുട്ടികളില്‍ നിന്ന് ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് നിര്‍ബന്ധിച്ചുള്ള ഒരു പിരിവും പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് പ്രിന്‍സിപ്പാള്‍മാരെ മുന്‍ നിര്‍ത്തി വലിയതോതിലുള്ള പിരിവി നടത്തിയത്. ഏകജാലകം വഴി പ്രവേശനം നേടിയ കുട്ടിയില്‍ നിന്നുപോലും 500 രൂപ മുതല്‍ 3000 വരെ പിരിവ് നടത്തിയ സ്‌കൂളുകള്‍ ജില്ലയിലുണ്ട്. സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണെന്നു പറഞ്ഞ് പിരിച്ചെടുത്ത ലക്ഷകണക്കിന് രൂപ മാനേജറുടെ കീശയിലേക്കുപോയതല്ലാതെ മിക്കയിടത്തും ചില്ലി പൈസപോലും സ്‌കൂളിനായി ചെലവിട്ടിട്ടില്ല.
ഇതിനു പുറമേ മാനേജ്‌മെന്റ് ക്വാട്ടയിലുടെ ഉളള പ്രവേശനത്തിന് 20000-30000 രൂപവരെ പിരിവ് നടത്തിയിട്ടുണ്ട്. ഓരോ അധ്യയന വര്‍ഷത്തിലും ഇത്തരത്തില്‍ പിരിവ് പരിപാടിയാക്കിയ പല മാനേജര്‍മാരുടേയും സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്ആസ്ബറ്റോസ് മേല്‍ക്കൂരക്ക് കീഴിലാണ്.
ഇക്കാര്യം വകുപ്പ് മേധാവികള്‍ക്ക് അറിയാമെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ആസ്ബറ്റോസ് ഷീറ്റിട്ട കെട്ടിടങ്ങളില്‍ ക്ലാസ്സുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ കൂട്ടുപിടിച്ച് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ മറികടക്കുന്നത്.1998 സെപ്തംബര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജൂലൈയ് 27 വരെയുള്ള ഗസറ്റ് വിജ്ഞാപനങ്ങളൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടില്‍ പിരിവും അധ്യാപക നിയമനവും മാത്രം പദ്ധതിയാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഡസനിലധികം സ്‌കൂളുകള്‍ ജില്ലയിലുണ്ട്.
എല്ലാ വര്‍ഷവും ഏതെങ്കിലും തരത്തിലുളള പിരിവ് കുട്ടികളില്‍ അടിച്ചേല്‍പ്പിച്ച് വരുമാനമുണ്ടാക്കുന്ന സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെയും ഇവരുടെ ഇംഗിതത്തിന് കൂട്ടു നില്‍ക്കുന്ന പ്രിസിപ്പല്‍ മാര്‍ക്കെതിരെയും പരാതി ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറോ ആര്‍ഡിഡിയോ തയ്യാറാകാത്തത് പല സ്‌കൂളുകളിലും പിടിഎകളെ നിര്‍ജീവമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: