കൊളത്തൂര്‍: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മൂര്‍ക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.
ഈ ആശുപത്രി എത്രയും പെട്ടെന്ന് സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊളത്തൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു.
ദിവസവും 300 ഓളം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ഒരു ഡോക്ടര്‍ ഉണ്ടെങ്കിലും മറ്റ് ജീവനക്കാര്‍ ആവശ്യത്തിനില്ല. മലയോര മേഖലകളായ പാങ്ങ്, പൊട്ടിക്കുഴി, മൂര്‍ക്കനാട്, പുന്നക്കാട്, മേല്‍മുറി, പീത്തിനിപ്പാറ, തെക്കേക്കര, കീഴ്മുറി, ചേറ്റുപ്പാറ, പലകപറമ്പ്, തോറ എന്നീ ഗ്രാമങ്ങളും എടയൂര്‍, കുറുവ, പുലാമന്തോള്‍, പുഴക്കാട്ടിരി എന്നീ പഞ്ചായത്തുകളും ഉള്‍കൊള്ളുന്ന വലിയൊരു പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. സ്വന്തമായി ഒരേക്കറിലധികം സ്ഥലം ഉണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ പ്രഥമികാരോഗ്യ കേന്ദ്രത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
സ്വകാര്യ ആശുപത്രികളുടെ കത്തിക്ക് ഇരകളാകാന്‍ ജനങ്ങളെ എറിഞ്ഞുകൊടുക്കുകയാണ് അധികൃതര്‍. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യൂത്ത് വിംഗ് ഭാരവാഹികള്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് എംഎല്‍എ, കലക്ടര്‍, ഡിഎംഒ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: