തിരുവനന്തപുരം: പോലീസിനെ കബളിപ്പിച്ച് സിനിമാ സ്റ്റൈലില്‍ രക്ഷപെട്ട മുന്‍ എസ്.പി കെ.ബി. ബാലചന്ദ്രന്റെ മകനും ക്രിമിനല്‍ കേസ് പ്രതിയുമായ നിഖില്‍ ബാലചന്ദ്രനെ (30) പിടികൂടാനായില്ല. നിഖിലിന് സുരക്ഷിതമായി കീഴടങ്ങാന്‍ പോലീസ് അവസരമൊരുക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഇയാള്‍ ബാംഗഌരിലേക്കോ തമിഴ്നാട്ടിലേക്കോ കടന്നതായി സംശയമുണ്ടെന്ന് അന്വേഷണചുമതലയുള്ള പേരൂര്‍ക്കട സി.ഐ സുരേഷ്ബാബു പറഞ്ഞു.
നാല് സംഘങ്ങളായി തിരിഞ്ഞ് പോലീസ് നിഖിലിനായി തിരച്ചില്‍ തുടരുകയാണെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ഇയാളുടെ നാല് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. ഈ ഫോണുകളിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ച് പത്തിലേറെ പേരെ പോലീസ് ഇന്നലെ ചോദ്യംചെയ്തു. നെയ്യാറ്റിന്‍കരയിലെ ഇയാളുടെ ബന്ധുവീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ബാംഗഌരിലെ ഒളിത്താവളങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായും നിഖില്‍ ഫോണില്‍ ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മൂന്നു ക്രിമിനല്‍ കേസുകളില്‍ ജാമ്യമെടുക്കാതെ പൊലീസിന്റെ കണ്മുന്നില് വിലസിനടക്കുകയായിരുന്ന നിഖില്‍ ഞായറാഴ്ച ആറുമണിക്കൂര്‍ പോലീസിനെ വട്ടംചുറ്റിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസിന്റെ ഒത്താശയോടെയാണ് നിഖില്‍ രക്ഷപെട്ടതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫീസറുടെ മകനെ ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമിച്ചതും, അടിപിടിയുണ്ടാക്കിയതും സ്ത്രീകളെ അസഭ്യം പറഞ്ഞതുമടക്കമുള്ള കേസുകളില്‍ പ്രതിയാണ് നിഖില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: