ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. രാത്രി പുടിന്‍ ഭാരത പ്രധാനമന്ത്രിക്ക് അത്താഴവിരുന്നും നല്‍കും. വളരെയേറെ ശുഭാപ്തി വിശ്വാസത്തോടെയാണ് റഷ്യയിലേക്ക് തിരിക്കുന്നതെന്ന് മോദി യാത്രപുറപ്പെടും മുമ്പ് പ്രസ്താവിച്ചു.
ഇന്ന് മോസ്‌കോയിലെ എക്‌സ്‌പോ സെന്ററില്‍ മൂവായിരത്തോളം വരുന്ന ഭാരത സമൂഹവുമായി മോദി സംവദിക്കും. യാത്രപുറപ്പെടും മുമ്പ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ചേര്‍ന്ന് റഷ്യയുമായി ഒപ്പുവെയ്‌ക്കാനുള്ള രണ്ട് സുപ്രധാന കരാറുകള്‍ക്ക് അനുമതി നല്‍കി. റഷ്യയും ഭാരതവും സംയുക്തമായി മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 കമോവ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ അനുമതിയും ഇതില്‍പ്പെടും. റഷ്യയില്‍ നിന്നും രണ്ടാമതൊരു ആണവ അന്തര്‍വാഹിനികൂടി ലഭിക്കാനുള്ള സാധ്യതയും പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചു. റഷ്യയില്‍ നിന്നും 40,000 കോടി രൂപയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനും കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിനു പുറമേ സിറിയയിലെ ഐ.എസ് പ്രശ്‌നങ്ങളും ഇരു നേതാക്കളും തമ്മില്‍ ഇന്ന് ചര്‍ച്ച ചെയ്യും.
അഭിനന്ദന്‍, അഭിവ്യക്തി” എന്നീ ഇരട്ട സാംസ്‌കാരിക പരിപാടികളിലൂടെയാണ് മോദിയെ റഷ്യ വരവേല്‍ക്കുന്നത്. നൂറോളം റഷ്യന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ക്ലാസിക്കലും നാടന്‍ കലാരൂപത്തിലുമുള്ള ഭാരത കലാ സാംസ്‌കാരിക പരിപാടികളാവും അരങ്ങേറുക.ഭാരത കലാ പാരമ്പര്യത്തിന് റഷ്യയില്‍ കൈവന്നിട്ടുള്ള സ്വീകാര്യതയും അന്തര്‍-സാംസ്‌കാരിക ധാരണയും വ്യക്തമാക്കുന്നവയായിരിക്കും പരിപാടികള്‍. റഷ്യന്‍ ബ്രഹ്മകുമാരികളുടെ വന്ദേമാതരം ആലാപനത്തോടെയാകും പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് കുച്ചിപ്പുടി, കഥക്, ദാണ്ട്യരസ് എന്നിവ അരങ്ങേറും. ലതാ മങ്കേഷ്‌കര്‍ ആലപിച്ച അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിതയായ “”ഗീത് ഗാത്താ ഹൂംമിന്റെ സംഗീതാവിഷ്‌കാരത്തോടെയാകും പരിപാടി സമാപിക്കുക. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തിന്റെ തലേന്ന് അരങ്ങേറുന്നു എന്നതാണ് ഈ പരിപാടിയുടെ സവിശേഷത.
പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മോസ്‌കോ സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് മോദി നടത്തിയ പ്രസ്താവന ഇങ്ങനെ. ലോകത്തെ ഭാരതത്തിന്റെ അമൂല്യ സുഹൃത്തുക്കളില്‍ ഒന്നാണ് റഷ്യ. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടനെ അടല്‍ജിയുടെ റഷ്യന്‍ യാത്രയില്‍ ഞാന്‍ അനുഗമിച്ചിരുന്നു. ഇന്നും തുടരുന്ന ഭാരത-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ആരംഭം അതായിരുന്നു.
സാമ്പത്തികം, ഊര്‍ജ്ജം, സുരക്ഷ എന്നീ മേഖലകളില്‍ ഭാരതവും റഷ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം വഴിയൊരുക്കും. ശാസ്ത്ര സാങ്കേതിക വിദ്യ, ഖനനം തുടങ്ങിയ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കണമെന്നുണ്ട്. ഭാരതവും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം മുമ്പേത്തെക്കാള്‍ വര്‍ദ്ധിക്കുന്നത് ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഗുണകരമാകും. ഭാരതത്തില്‍ നിക്ഷേപം ഇറക്കുന്നതിന് ക്ഷണിക്കുന്നതിനായി റഷ്യന്‍ ബിസിനസ്സുകാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി പറഞ്ഞു.
















