തിരുവനന്തപുരം: 83-ാമത് ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധവകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടനകാലയളവില്‍ ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി.
പ്രാഥമികശുശ്രൂഷാ സൗകര്യങ്ങള്‍, 108 ആംബുലന്‍സ്, വിശിഷ്ടാതിഥികളുടെ സന്ദര്‍ശനം പ്രമാണിച്ച് ആശുപത്രികളിലെ സൗകര്യങ്ങള്‍ തുടങ്ങിയവ ഏര്‍പ്പാടാക്കണം. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ശിവഗിരിയിലും വര്‍ക്കലയിലുമായി 45 വാട്ടര്‍ ടാങ്കുകളും മൂന്നു ടാങ്കര്‍ ലോറികളും ഏര്‍പ്പെടുത്താന്‍ നടപടിയായതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മേഖലയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി മുന്‍സിപ്പാലിറ്റി പ്രതിനിധികള്‍ അറിയിച്ചു. തീര്‍ഥാടനനാളുകളില്‍ പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. കൂടാതെ പ്രത്യേക പട്രോളിംഗുമുണ്ടാകും.
ഭക്ഷ്യസുരക്ഷാ അധികൃതരുടെ ലൈസന്‍സ് വാങ്ങിയ ഭക്ഷണസ്റ്റാളുകളുടെ പ്രവര്ത്തമേ അനുവദിക്കുകയുള്ളു. വര്‍ക്കല ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരുടെ എണ്ണം തീര്‍ഥാടന നാളുകളില്‍ വര്‍ധിപ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തും. വര്‍ക്കല മേഖലയില്‍ റൂട്ട് ബസുകള്‍ കൃത്യമായി ഓടുന്നുണ്ടെന്നും നിയമലംഘനങ്ങള്‍ നടത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ ആര്‍ടിഒക്കും യോഗം നിര്‍ദേശം നല്കി. തീര്ഥാടനസമ്മേളനങ്ങളില് അതിഥികളായി വിഐപികള്‍ എത്തുന്നത് പരിഗണിച്ച് ഹെലിപാഡ്, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും. ബാരിക്കേഡുകള്‍, സുരക്ഷാ ലൈറ്റുകള്‍, ക്യാമറ തുടങ്ങിയ സ്ഥാപിക്കാനും തീരുമാനമായി.
യോഗത്തില്‍ വര്‍ക്കല കഹാര്‍ എംഎല്‍എ, റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ്, എഡിഎം വി.ആര്. വിനോദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: