ചണ്ഡീഗഢ്: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് മുന്‍ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹുഡയും കുരുക്കില്‍.
നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റത്തില്‍ അന്നത്തെ ഹരിയാന സര്‍ക്കാരിനും പങ്കുണ്ടെന്ന സംശയത്തില്‍ ഹരിയാന ബ്യൂറോ ഹൂഡയ്‌ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2005ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായിരുന്ന അസോസിയേറ്റഡ് ജേണല്‍സിനുവേണ്ടിയുള്ള ഭൂമിയിടപാടില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംങ്ഹൂഡയ്‌ക്ക് പങ്കാളിത്തമുണ്ടെന്നാണ് കണ്ടെത്തിയത്.
ഭൂമി കൈമാറ്റത്തിനു കൂട്ടുനിന്നെന്ന കുറ്റത്തില്‍ ഹരിയാന നഗര വികസന സമിതിയിലെ അഞ്ചു പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് പഞ്ച്കുലയിലെ 3360 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തിന്റെ കൈമാറ്റം ഒരു ദിവസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. 22 കോടി രൂപ വിലമതിക്കുന്ന ഈ സ്ഥലം വെറും 59 ലക്ഷത്തിനാണ് വിറ്റഴിച്ചതെന്ന് ഹരിയാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍(എച്ച്എസ്‌ഐഐഡിസി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഭൂമി കൈമാറ്റം നടന്ന 2005 ജൂണില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന മോത്തിലാല്‍ വോറ എജെഎല്ലിനു ഭൂമി കൈമാറ്റത്തിനു വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് ഹൂഡയ്‌ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. മാതൃഭാഷയിലുള്ള ദിനപത്രം ആരംഭിക്കാനാണ് ഭൂമികൈമാറ്റമെന്നാണ് കത്തില്‍ പ്രതിപാദിച്ചിരുന്നത്. 1982ലാണ് ഹരിയാന സര്‍ക്കാര്‍ എജെഎല്ലിനായി പഞ്ച്കുലയിലെ ഭൂമി അനുവദിക്കുന്നത്. അതിനുശേഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്ന് 1996ല്‍ ഹരിയാന നഗര വികസന സമിതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.
















