മാനന്തവാടി : വയനാട് ഡിഎംഒയുടെ ആത്മഹത്യക്ക് കാരണം നിയമനവുമായി ബന്ധപ്പെട്ട രാഷ്ട്രീയസമ്മര്‍ദ്ദമെന്ന് ആരോപണം. പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതായി ജീവനക്കാര്‍തന്നെ സമ്മതിക്കുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.പി.വി.ശശിധരനെയാണ് ചൊവ്വാഴ്ച്ച രാവിലെയോടെ മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ചയാണ് ഡിഎംഒയെ കാണാതായത്.
ഇക്കഴിഞ്ഞ നവംബര്‍ 24, 25 തിയതികളിലാണ് പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കൂടികാഴ്ച്ച നടന്നത്. 24 ഒഴിവുകളാണുള്ളത്. അതിനായി 180 പേരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. കൂടികാഴ്ച്ച നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ലിസ്റ്റ് നീട്ടികൊണ്ടുപോകലിന് പിന്നിലെന്ന് ആരോപണവും നിലവിലുണ്ട്.
മരണത്തെതുടര്‍ന്ന് സബ്ബ് കലക്ടര്‍ ശ്രീറാംസാംബശിവറാവു ഡിഎംഒ ഓഫീസിലെത്തി ജീവനക്കാരോട് അന്വേഷണം നടത്തിയിരുന്നു. മറ്റ് കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നും പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഡിഎംഒ മാനസികസമ്മര്‍ദ്ദത്തിലായിരുന്നു എന്നും ജീവനക്കാര്‍ സബ്ബ് കലക്ടറോട് പറഞ്ഞതായാണ് സൂചന. ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.
കൂടിക്കാഴ്ച്ചക്കുശേഷം ഇടത്-വലത് രാഷ്ട്രീയ ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദത്തിലായിരുന്നു ഡോ ശശിധരന്. മന്ത്രിയുടെയും കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കളും സിപിഎം നേതാക്കളും ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരന്തരം ഡിഎംഒയെ വിളിച്ചതായാണ് വിവരം. എന്നാല്‍ നിയമനകാര്യത്തില്‍ കൃത്യനിഷ്ഠയുള്ള ഡോക്ടര്‍ ശശിധരന് ഇവരുടെ സമ്മര്‍ദ്ദം താങ്ങാവുന്നതിലപ്പുറമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മൗനമായാണെങ്കിലും ഡിഎംഒ ഓഫീസിലെ ജീവനക്കാരും ഇക്കാര്യം സമ്മതിക്കുന്നു. ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ പക്കല്നി ന്നും നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതും നാട്ടി ല്‍ പാട്ടാണ്.
എന്തായാലും ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇടത്-വലത് രാഷ്ട്രീയ മേലാളന്മാരുടെ സമ്മര്ദ്ദത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്നത്. വയനാടിന് നഷ്ടമായത് ജനകീയ മുഖം പകര്‍ന്ന ഡിഎംഒയെയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലയില്‍ ഡെപ്യൂട്ടി ഡിഎംഒ ആയി ചാര്‍ജെടുത്ത ഡോ പി.വി.ശശിധരന് മെയ് മാസത്തിലാണ് ഡിഎംഒ ആയത്. ഹോട്ടലുകളില്‍ റെയ്ഡ് നടത്തുന്നതുള്‍പ്പെടെ സെയ്ഫ് കേരളാ പദ്ധതിയുടെ പ്രവര്‍ത്തനം ജില്ലയില്‍ നല്ല രീതിയില്‍ നടപ്പാക്കിയ ഡിഎംഒ കൂടിയാണ് ഡോ. പി.വി.ശശിധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: