ന്യൂദല്‍ഹി: ദല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്നും മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ എ.കെ ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നിയമത്തിന്റെ പരിധി ലംഘിക്കാന്‍ കഴിയില്ലെന്നും ബാലനീതി വകുപ്പുകള്‍ അനുസരിച്ചുള്ള ശിക്ഷയെ നിലവില്‍ നല്‍കാന്‍ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞും പ്രതിയെ തടവില്‍ വച്ചാല്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 15, 16 പ്രകാരം കുറ്റവാളിയുടെ മാനസികനില മാറിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇതു നടന്നിട്ടില്ലെന്നും വനിത കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാന്‍ തയാറായില്ല. പ്രതിയെ വിട്ടയക്കുന്നതിനെതിരേ വലിയ ഭീഷണികള്‍ ഉണ്‌ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അംഗീകരിക്കാനും മനോനിലപഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും കോടതി തള്ളി.
കാലാവധി പൂര്‍ത്തിയായ പ്രതിയെ മോചിപ്പിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലേവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിയുടെ മോചനം ഉറപ്പായ ശേഷമാണ് വിഷയത്തില്‍ വനിത കമ്മീഷന്‍ ഇടപെടലുകള്‍ നടത്തിയതെന്ന് ദല്‍ഹി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും കുറ്റവാളികള്‍ക്കൊപ്പമാണ് നിയമങ്ങളെന്നും അവര്‍ പറഞ്ഞു.
















