അയോദ്ധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് എപ്പോള്‍ അനുമതി കിട്ടിയാലും നിര്‍മ്മാണം തുടങ്ങാനുള്ള ഒരുക്കള്‍ ആരംഭിച്ചു. ഇതിനകം രണ്ട് ട്രക്ക് കല്ല് അയോദ്ധ്യയിലെ കര്‍സേവക് പുരത്തെത്തിച്ചുകഴിഞ്ഞു. വരും ദിനങ്ങളില്‍ കൂടുതല്‍ നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചേരും. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത് വക്താവ് ശരദ് ശര്‍മ്മ ഇക്കാര്യം സ്ഥിരീകരിച്ചു. ക്ഷേത്ര നിര്‍മ്മാണം സുനിശ്ചിതമായ കാര്യമാണ്. രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് ശിലാപൂജ കഴിച്ചതാണ്. നിര്‍മ്മാണത്തിനുള്ള പ്രഖ്യാപനം വന്നാല്‍ പിന്നെ വൈകരുത്. അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്, ശര്‍മ്മ വിശദീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍മ്മാണ വസ്തുക്കള്‍ കര്‍സേവപുരത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, അയോദ്ധ്യയില്‍ ഒരുതരത്തിലുള്ള നിയമലംഘനങ്ങളും നടന്നിട്ടില്ലെന്നും കാര്യങ്ങള്‍ സമാധാനപൂര്‍ണ്ണമാണെന്നും പറഞ്ഞ ഫൈസാബാദ് സീനിയര്‍ പോലീസ് സൂപ്രണ്ട് മൊഹിത് ഗുപ്ത പോലീസ് കര്‍ശനമായ നിരീക്ഷണം നടത്തികൊണ്ടിരിക്കുകയാണെന്ന് വിശദീകരിച്ചു. നിയമ ലംഘനം അനുവദിക്കില്ല, സൂക്ഷ്മമായ നീരീക്ഷണമാണ് ഞങ്ങള്‍ നടത്തുന്നത്. കല്ലുകള്‍ എത്തിയിട്ടുണ്ട്, അവ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ്. ഇതിന്റെ പേരില്‍ ഒരു പ്രശ്‌നവും ഇവിടെയില്ല. സമാധാന ലംഘനം ഉണ്ടാകാന്‍ അനുവദിക്കില്ല, ഗുപ്ത പറഞ്ഞു.
നിര്‍ദ്ദിഷ്ട രാമക്ഷേത്ര നിര്‍മ്മാണത്തിന് രണ്ടേകാല്‍ ലക്ഷം ചതുരശ്ര അടി കല്ലു വേണം. അതില്‍ ഒന്നേകാല്‍ ലക്ഷം ച. അടി അയോദ്ധ്യയിലെ വിഎച്ച്പി ആസ്ഥാനത്തുണ്ട്. ശേഷിക്കുന്ന ഒരു കോടി ഞങ്ങള്‍ വിശ്വാസികളില്‍നിന്നു ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, എന്ന് അന്തരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് അശോക് സിംഗാള്‍ ഗുഡ്ഗാവില്‍ പ്രഖ്യാപിച്ചിരുന്നു.
















