വിഴിഞ്ഞം: നാടിന്റെ പുത്തന്‍ വികസന പദ്ധതി കാണാന്‍ വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ഇന്നലെ മുതല്‍ വീണ്ടും സന്ദര്‍ശക പ്രവാഹം. തുറമുഖ നിര്‍മാണ തീരത്തേക്ക് ഇന്നലെയും പുതിയ കൂറ്റന്‍ യന്ത്രങ്ങളെത്തി.
മുല്ലൂര്‍ തീരത്ത് ഉത്സവ പ്രതീതിയാണ്.ഡ്രഡ്ജിങ് നടത്തുന്ന തീരത്ത് ഇന്നലെ വലിയ യന്ത്രങ്ങള്‍ എത്തിച്ചു. ഡോസര് എന്നറിയുന്ന കൂറ്റന്‍ യന്ത്രമാണ് ഇവയിലൊന്ന്. കൂടാതെ വലിയ ജെസിബികളും എത്തി.
ഡ്രഡ്ജ് ചെയ്ത് തീരത്തേക്ക് വന്നടിയുന്ന മണ്ണ് നിരത്താനാണ് ഡോസറുള്പ്പെടെയുള്ള യന്ത്രസംവിധാനങ്ങള്‍. പഴയ ബുള്‍ഡോസറിന്റെ ആധുനിക രൂപത്തിലുള്ള ഡോസറിന്റെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനു മണിക്കൂറുകളെടുത്തു. കൂടാതെ കരയിലേക്ക് മണ്ണു വീഴ്ത്തുന്നതിനായി എത്തിച്ച ഷോര്‍ലൈന്‍ പൈപ്പുകളെയും വരും ദിവസങ്ങളില്‍ തീരത്ത് വിന്യസിക്കും.
അവധി ദിവസമായതിനാല്‍ തുറമുഖ തീരത്തേക്ക് ഇന്നലെ അനിയന്ത്രിതമായ ജനപ്രവാഹമായിരുന്നു. കോവളം കാണാനെത്തിയ പലരും മുല്ലൂര്‍ തീരത്തേക്കാണ് എത്തിയത്. ഇവിടേക്കുള്ള റോഡും പരിസരവും വാഹനങ്ങളെയും സന്ദര്‍ശകരെയും കൊണ്ടു നിറഞ്ഞു. തീരത്ത് എത്തിയവരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും നന്നേ പാടുപെട്ടു. സന്ദര്‍ശക പ്രവാഹം കണ്ട് ഈ ഭാഗത്തെ വഴിയോര കച്ചവടങ്ങളും പച്ചപിടിക്കുന്നുണ്ട്. ഡ്രഡ്ജ് ചെയ്യുമ്പോള്‍ വന്നടിയുന്ന ശംഖും മറ്റും പെറുക്കി വില്ക്കുന്നവരും തീരത്തുണ്ട്. മുല്ലൂര്‍ തീരത്ത് ഉല്സവച്ഛായയാണ്. പണി നടക്കുന്നതിനിടെ സന്ദര്‍ശകരുടെ പരിധികള്‍ ലംഘിച്ചുള്ള കടന്നു കയറ്റം പലപ്പോഴും സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നതായും ബന്ധപ്പെട്ടവര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: