ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഉദ്യോഗസ്ഥരും ചെന്നൈയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 40 മിനിട്ട് നീണ്ടുനിന്നു. മഴ ദുരിതത്തില്‍ തകര്‍ന്ന ചെന്നൈയുടെ പുനര്‍നിര്‍മ്മാണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ജയലളിത പറഞ്ഞു. തമിഴ്‌നാടിന്റെ ആവശ്യം വിവിധ തലത്തില്‍ പഠിച്ച് വൈകാതെ തിരുമാനമെടുക്കുമെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ, തമിഴ്‌നാടിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട എല്ലാ ഇന്‍ഷുറന്‍സ് ക്ലെയിമുകളും നാലാഴ്ചക്കകം നല്‍കാന്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളുമായി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിന് പകരം നാലാഴ്ചക്കകം ഓംബുഡ്‌സ്മാനില്‍ തീര്‍പ്പുണ്ടാക്കണം.
എല്‍ഐസി, ഇന്‍ഷുറന്‍സ് കമ്പനികള്‍, 27 പൊതുമേഖലാ ബാങ്കുകള്‍, 17 സ്വകാര്യ ബാങ്കുകള്‍ എന്നിവരുടെ പ്രതിനിധികളുമായും ജെയ്റ്റ്‌ലി ചര്‍ച്ച നടത്തി. പ്രകൃതി ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസവും നഷ്ടപരിഹാരവും നല്‍കുകയെന്നതാണ് അടിസ്ഥാനപരമായ കാര്യമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നമുക്ക് പ്രകൃതിയുടെ മാറ്റങ്ങളെ തടയുവാനാവില്ല. എന്നാല്‍ പടിപടിയായി സുരക്ഷിതവും ഗുണനിലവാരവുമുള്ള ജീവിതം നല്‍കുവാനാകണം. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട് അനുകൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളുടെ 2600 ബ്രാഞ്ചുകള്‍ ചെന്നൈ, തിരുവല്ലൂര്‍, കാഞ്ചിപുരം, ഗൂഡല്ലൂര്‍ ജില്ലകളിലായിട്ടുണ്ട്. ഇവര്‍ വീട് ലോണ്‍, വീട്ടുപകരണങ്ങളുടെ ലോണ്‍, വാഹനം, വിളകള്‍, ഷോപ്പ്, വിദ്യാഭ്യാസ ലോണുകള്‍ എന്നിവ നല്‍കണമെന്നും ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതല ബാങ്കേഴസ് കമ്മറ്റി ദല്‍ഹിയില്‍ വിലയിരുത്തും.
















