ന്യൂദല്‍ഹി: ദല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധം ശക്തമായി. പ്രതിഷേധം രൂക്ഷമായതോടെ ദല്‍ഹി ഇന്ത്യാഗേറ്റിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യാഗേറ്റില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊടുംക്രൂരത ചെയ്ത കുറ്റവാളിയെ പ്രായത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചതിനെതിരേ ദല്‍ഹിയിലും രാജ്യത്തെ മറ്റു സ്ഥലങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ആരും പ്രതിയുടെ മോചനം ആഗ്രഹിക്കുന്നില്ലെന്ന് ദില്ലി വനിതാ കമ്മീഷനും പ്രതികരിച്ചു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാകും പ്രതി ജയില്‍ മോചിതനാകുക.
അതിനിടെ ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാശ്യപ്പെട്ട് ദല്‍ഹി വിനിതാ കമ്മീഷന് ശനിയാഴ്ച അര്‍ധരാത്രി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അവധിക്കാല ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഗോയലായിരിക്കും തിങ്കളാഴ്ച കേസ് പരിഗണിക്കുക.കേസിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിടുണ്ട്.
കുറ്റം ചെയ്തതിന് ശേഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് കുറ്റവാളിയുടെ മനോനിലയില്‍ മാറ്റം വന്നിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് വനിതാ കമ്മീഷന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സമൂഹത്തിന് ഭീഷണിയായ അപകടകാരിയായ കുറ്റവാളിയുടെ മനോനില പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം കുട്ടികുറ്റവാളിയുടെ മോചനത്തിനെതിരെ ദല്‍ഹിയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് റിമാന്‍ഡ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ നിര്‍ഭയയുടെ മാതാപിതാക്കളെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദല്‍ഹി വനിതാ കമ്മിഷന് സുപ്രീംകോടതിയെ സമീപിച്ചത്.
കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ആവശ്യം നേരത്തെ ദല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി
കുട്ടിക്കുറ്റവാളി ഇന്ന് പുറത്തിറങ്ങു.
2012 ഡിസംബര്‍ 12 നാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ ജ്യോതി സിംഗ് എന്ന പെണ്‍കുട്ടി ക്രൂരപീഡനത്തിനു ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണത്തിനു കീഴടങ്ങി. പ്രായം കുറഞ്ഞ പ്രതിയാണ് പെണ്‍കുട്ടിയെ കൂടുതല്‍ ക്രൂരമായി പീഡിപ്പിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുട്ടിക്കുറ്റവാളിയുള്‍പ്പെടെ കേസില്‍ ആറു പ്രതികളായിരുന്നു. മുഖ്യപ്രതി വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച നാലു പ്രതികള്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
















