വിളപ്പില്‍ശാല: പതിറ്റാണ്ടുകളായി വിളപ്പില്‍ സിഎച്ച്സിയോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാസെക്രട്ടറി മുക്കംപാലമൂട് ബിജു. ജീവനക്കാരില്ലാതെ താളംതെറ്റിയ വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിളപ്പില്‍ പഞ്ചായത്ത് കമ്മറ്റി ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികളെ കുറിച്ച് നടന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഏറ്റവും മികച്ച സാമൂഹികാരോഗ്യ കേന്ദ്രമായിരുന്നു ഒരുകാലത്ത് വിളപ്പിലിലേത്. ദിവസേന അറുന്നൂറോളം രോഗികളെത്തുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരുമില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കുവാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളോടുള്ള ഈ അവഗണനയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വിളപ്പില്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയെ സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴക്കി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി വിളപ്പില്‍ശാല ശ്രീകുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ പേയാട് കാര്ത്തികേയന്, പഞ്ചായത്തംഗങ്ങളായ സി.എസ്. അനില്‍, ജലജാംബിക, ചന്ദ്രിക, ജഗദമ്മ, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: