ഭഗവാന്റെ ശത്രുവായാലും മിത്രമായാലും മോക്ഷം കിട്ടും എന്നതിന് നിരവധി സംഭവങ്ങളാണ് ഭാഗവതത്തിലൂടെ നമുക്കുപദേശിച്ചുതരുന്നതും ഇതുപോലുള്ള കഥകളാണ്. ജയവിജയന്മാരുടെ കഥയും ഭാഗവതം പറയുന്നു. മഹാവിഷ്ണുവിന്റെ കാവല്‍ക്കാരായി വൈകുണ്ഠത്തില്‍ നിന്നിരുന്ന ജയവിജയന്മാര്‍ അവിടെ എത്തിച്ചേര്‍ന്ന സനകാദികളെ അകത്തേയ്‌ക്ക് കടത്തിവിട്ടില്ല. എത്രപറഞ്ഞിട്ടും അവരുടെ തീരുമാനത്തിന് മാറ്റമുണ്ടായില്ല.
ഒടുവില്‍ സനകാദികള്‍ ജയവിജയന്മാരെ ശപിയ്‌ക്കുകയായിരുന്നു. നിങ്ങള്‍ അസുരന്മാരായി മൂന്നുജന്മം ഭൂമിയില്‍ പിറന്ന് വിഷ്ണുവിന്റെ കൈയ്യാല്‍ മരിക്കട്ടെ. ശാപം കിട്ടിയ മാത്രയില്‍ ഭൂമിയില്‍ വന്ന് പിറന്നു. ആദ്യം ഹിരണ്യാക്ഷനും, ഹിരണ്യകശിപുവുമായി ദീര്‍ഘകാലം ഒരു പ്രദേശം അടക്കിവാണു. നരസിംഹമായി വന്നാണ് മഹാവിഷ്ണു അവരുടെ കഥതീര്‍ത്തത്.
രാവണനും കുഭകര്‍ണ്ണനുമായി ഭഗവാനെ നേരിട്ടു. ശ്രീരാമന്റെ കൈകൊണ്ട് ലങ്കാനഗരിയില്‍വച്ചാണ് ഇരുവരുടേയും അന്ത്യം ഉണ്ടായത്. പിന്നീട് ശിശുപാലനും ദന്ത വക്ത്രനും ആയി പിറന്നാണ് ഭഗവാന്റെ തൃക്കൈകൊണ്ട് മരിയ്‌ക്കാന്‍ ഇടവന്നത്. എങ്ങനെയായാലും ഭഗവാനെ നേരിടുകതന്നെയായിരുന്നു ഇവര്‍.ഏവരും കൊതിക്കുന്ന മോക്ഷമാണ് ഭഗവാന്റെ ശത്രുവായി ഇരുവരും നേടിയത്. ദീര്‍ഘകാലത്തെ തപസ്സിന് ഒടുവിലാണ് എന്നും ശക്തിസംഭരിച്ച് മഹാവിഷ്ണുവിനെ പോരിനു വിളിക്കുന്നത്.
ഭക്തന്മാരെ സംരക്ഷിക്കുന്നതിന് അവതാരങ്ങളെടുത്ത് ധര്‍മ്മം നടപ്പാക്കിത്തീര്‍ക്കുകയാണ് മഹാവിഷ്ണുവിന്റെ ലക്ഷ്യം. വിവിധങ്ങളായ ജന്മങ്ങള്‍ക്കുശേഷം ജയവിജയന്മാരായി വീണ്ടും വൈകുണ്ഠത്തില്‍ ഇരുവരും തിരിച്ചെത്തുകയായിരുന്നു.
















