ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയായ നടി റോജയെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ ആന്ധ്രാപ്രദേശ് നിയമസഭ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പരാമര്‍ശം നടത്തിയതിനാണ് റോജയെ സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേയ്‌ക്കാണ് സസ്‌പെന്‍ഷന്‍. തുടര്‍ന്ന് പ്രതിപക്ഷബഹളം മൂലം സഭ നടത്താന്‍ കഴിയാത്തതിനാല്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
നാടകീയ രംഗങ്ങള്‍ക്കാണ് ആന്ധ്രാനിയമസഭ സാക്ഷ്യം വഹിച്ചത്. ഇതിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ട ശേഷം നിയമസഭയില്‍ കയറിയ റോജയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബോധരഹിതയായ റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കുകയും ചെയ്തു. റോജയുടെ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി തീരുമാനം പിന്‍വലിയ്‌ക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.
അംഗത്തിന്റെ വിശദീകരണം കേള്‍ക്കാതെ ഇത്തരത്തില്‍ നടപടിയെടുക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ജഗന്‍മോഹന്‍ പറഞ്ഞു. ചട്ടപ്രകാരമാണ് സ്പീക്കര്‍ പ്രവര്‍ത്തിയ്‌ക്കേണ്ടത്, അല്ലാതെ ഭരണകക്ഷിയുടെ ഇഷ്ടപ്രകാരമല്ലെന്നും ജഗന്‍ പറഞ്ഞു. അതേ സമയം തന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് അവകാശമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ വൈ.എസ്.ആര്‍ പ്രവര്‍ത്തകര്‍ സ്പീക്കറുടെ പോഡിയത്തിന് മുന്നിലെത്തി മുദ്രാവാക്യം വിളിയ്‌ക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
അതേ സമയം റോജയുടെ സസ്‌പെന്‍ഷന്‍ ഒരു തരത്തിലും പിന്‍വലിയ്‌ക്കാന്‍ കഴിയില്ലെന്നാണ് ഭരണകക്ഷിയായ ടി.ഡി.പിയുടെ നിലപാട്. ബഹളം മൂര്‍ച്ഛിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തി വയ്‌ക്കുകയായിരുന്നു.
















