നെടുമങ്ങാട്: മലയോരവിപണനകേന്ദ്രമായ നെടുമങ്ങാട് മാര്‍ക്കറ്റില്‍ മത്സ്യവിപണനത്തിനായി മാത്രം ഒരു കെട്ടിടം വിഭാവനം ചെയ്ത് പണി ആരംഭിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയില്‍. 2014 ജൂലൈ 7 ന് നെടുമങ്ങാട് എംഎല്‍എ പാലോട് രവിയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.ബാബു ആര്‍ഭാടപൂര്‍വ്വം തറക്കല്ലിട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണത്തിനായി രണ്ടുകോടി കേന്ദ്രവിഹിതവും 48 ലക്ഷം രൂപ ഫിഷറീസ് വകുപ്പുമാണ് ഫണ്ട് അനുവദിച്ചത്. ശീതീകരിച്ച മത്സ്യവിപണമാര്ക്കറ്റാണ് വിഭാവനം ചെയ്തിട്ടുള്ളത് .താഴത്തെ നിലയില്‍ പച്ചമത്സ്യവും ഒന്നാം നിലയില്‍ ഉണക്കമത്സ്യവും സംഭരിച്ച് വിപണനം ചെയ്യാനാണ് തീരുമാനം. കാലതാമസം ഇല്ലാതെ ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തികരിച്ച് നെടുമങ്ങാട് നഗരസഭയ്ക്ക് കൈമാറുമെന്നായിരുന്നു അന്ന് മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ 17 മാസം പിന്നിട്ടിട്ടും പണിയിഴഞ്ഞു നീങ്ങുകയാണ്. നിലവിലുള്ള മാര്‍ക്കറ്റില്‍ തിക്കുംതിരക്കും വര്‍ദ്ധിക്കുമ്പോള്‍ നിന്നുതിരിയാന്‍പോലും സ്ഥലമില്ല. പരിമിതികളില്‍പ്പെട്ട് നെടുമങ്ങാട് മാര്‍ക്കറ്റ് കഷ്ടപ്പെടുമ്പോഴാണ് വാഗ്ദാനപ്പെരുമ്പറമുഴക്കി ആരംഭിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ പണിയില്‍ മെല്ലെപോക്ക് നടത്തുന്നത്. ഇപ്പോള്‍ ഈ കെട്ടിടം സാമൂഹികവിരുദ്ധന്മാരുടെ ഇടത്താവളമായിമാറിയിട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗങ്ങള്‍ മാര്‍ക്കറ്റിലെ പച്ചക്കറിവ്യാപാരികളും ചെറുകിടകച്ചവടക്കാരും കൈയേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: