ന്യൂദല്‍ഹി:രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഒരു അനീതിയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതീയ സംസ്‌കാരത്തിന്റെ രൂപവും സ്വഭാവവും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഈ മൂല്യവും നമ്മുടെ സംസ്‌കാരത്തിന്റെ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും ക്രിസ്തുമതത്തിന് സമാനമാണെന്ന് പറഞ്ഞ മന്ത്രി മതനേതാക്കളോട് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങളില്‍ തന്നെ നേരിട്ട് ബന്ധപ്പെടണമെന്നും അറിയിച്ചു.
ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തോടൊപ്പം നിന്ന ചരിത്രമാണ് എന്‍ഡിഎയ്‌ക്കും ബിജെപിക്കും ഉള്ളതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദല്‍ഹിയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തിയായിരുന്നു രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍. ആക്രമണം ഉണ്ടായതില്‍ തനിക്ക് അതിയായി ദു:ഖമുണ്ടെന്നും തുടര്‍ന്ന് അങ്ങനെയുള്ള ആക്രമണങ്ങള്‍ തടയാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് പുണ്യമായ ഒരാഘോഷമാണ്. എല്ലാവരോടും മനുഷ്യത്വവും നീതിയും പുലര്‍ത്തണമെന്നാണ് യേശു ക്രിസ്തു പഠിപ്പിച്ചിട്ടുള്ളത്.അതുകൊണ്ട് നിങ്ങളോട് ആര് ക്രൂരത കാട്ടിയാലും അവരോട് ന്യായം മാത്രം പ്രവര്‍ത്തിക്കുക. തന്റെ മതവും മറ്റുള്ളവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. പ്രാര്‍ത്ഥിക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും ഇരു മതങ്ങളും നല്‍കുന്ന സന്ദേശം ഒന്നു തന്നെയാണ് മന്ത്രി പറഞ്ഞു.
















