ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് മിസൈലുകള്‍ അടക്കം 40,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രാനുമതി. കേന്ദ്രസര്‍ക്കാരിന്റെ ഡിഎസി( ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍) ആണ് ആയുധ ഇടപാടിന് അനുമതി നല്‍കിയത്. അഞ്ച് സൂപ്പര്‍സോണിക് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനാണ് അനുമതി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുടിനും തമ്മില്‍ 24 ന് റഷ്യയില്‍ നടത്തുന്ന ചര്‍ച്ചയ്‌ക്ക് മുന്നോടിയായാണിത്. ഇവരുടെ ചര്‍ച്ചയ്‌ക്കുശേഷം അന്തിമാനുമതി നല്‍കും. മിസൈലുകളും യുദ്ധ വിമാനങ്ങളും ആളില്ലാ വിമാനങ്ങളും പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനത്തില്‍ മൊബൈല്‍ ലോഞ്ചര്‍, റഡാര്‍ എന്നിവയുണ്ട്. മിസൈലുകളെയും ആളില്ലാ വിമാനങ്ങളെയും നശിപ്പിക്കാന്‍ കഴിയും.
6,000 മിസൈലുകള്‍ വാങ്ങാനാണ് അനുമതി. പിനാക മള്‍ട്ടിബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റം സ്വന്തമായി വികസിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കാന്‍ 14,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ ചെറുക്കാന്‍ 310 കോടി രൂപയ്‌ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാനും 9,000 കോടി രൂപയുടെ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
















