വിളപ്പില്‍ശാല: ആരോഗ്യ വകുപ്പ് മന്ത്രി അറിയുന്നുണ്ടോ… എന്നറിയില്ല. താല്‍ക്കാലിക നഴ്സുമാര്‍ പട്ടിണിയിലാണ്. പകര്‍ച്ചപ്പനി നിവാരണത്തിനായി നാലു വര്‍ഷം മുന്‍പ് ഡിഎംഒ നിയമിച്ച താല്‍ക്കാലിക നഴ്സുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് ആറു മാസം പിന്നിടുന്നു. ആരോഗ്യ വകുപ്പ് മന്ത്രിക്കു മുന്നില്‍ നിരവധി തവണ നിവേദനങ്ങളുമായി കയറി ഇറങ്ങിയിട്ടും ഇവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ ജോലി ചെയ്യുന്ന 55 സ്റ്റാഫ് നഴ്സുകള്ക്കാണ് കഴിഞ്ഞ ജൂലൈ മാസം മുതലുള്ള ശമ്പളം മുടങ്ങിയിരിക്കുന്നത്. ഓണത്തിന് സംസ്ഥാനത്തെ എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉത്സവ ആനുകൂല്യം വിതരണം ചെയ്തപ്പോഴും ഇവരോടു മാത്രം ചിറ്റമ്മ നയമായിരുന്നു.
2012 ലാണ് ഡിഎംഒ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സുമാരെ നിയമിച്ചത്. തുടക്കത്തില്‍ കൃത്യമായി ശമ്പളം നല്‍കിയിരുന്നെങ്കിലും മൂന്നു മാസം പിന്നിട്ടതോടെ ഇത് മുടങ്ങാന്‍ തുടങ്ങി. ആറു മാസം കൂടുമ്പോള്‍ കാലാവധി പുതുക്കി നല്‍കിയാണ് ഇവരെ ഓരോ ആശുപത്രികളിലും വിന്യസിച്ചത്. എന്‍ആര്‍ എച്ച്എം മുഖേന നിയമിച്ച താല്‍ക്കാലിക നഴ്സുകളും ഇവര്‍ക്കൊപ്പം ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ നിന്നാണ് എന്‍ആര്‍എച്ച്എം നഴ്സുകള്‍ക്ക് ശമ്പളം നല്‍കുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ ശമ്പളം കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ശമ്പളം നല്കുന്ന ഡിഎംഒ നിയമിച്ച നഴ്സുമാര്‍ക്കാണ് ശമ്പളവും ആനുകൂല്യങ്ങളും നിക്ഷേധിച്ചിരിക്കുന്നത്. എന്‍ആര്‍എച്ച്എം വഴി നിയമിക്കപ്പെട്ട നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 13,900 രൂപയായിരുന്നു. ഇത് പത്തു ശതമാനം വര്‍ധനവോടെ 14,290 രൂപയായി. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വേതനം നല്കി വരുമ്പോഴാണ് ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന ഡിഎംഒ നിയമിച്ചവര്‍ക്ക് ശമ്പളവുമില്ല, വര്‍ധനവുമില്ല.
ഡിസംബര്‍ 31 ന് ഡിഎംഒ നിയമിച്ച താല്‍ക്കാലിക നഴ്സുമാരുടെ സേവന കാലാവധി അവസാനിക്കുകയാണ്. ഗ്രാമീണ മേഖലകളിലെ ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റാഫ് നഴ്സുകള്‍ ഇല്ലാത്തതിനാല്‍ ഇവരുടെ കാലാവധി പുതുക്കി നല്‍കുകയാണ് പതിവ്. എന്നാല്‍ ശമ്പളം കിട്ടാത്ത ജോലി തുടരാനാവില്ലെന്ന നിലപാടിലാണ് ഇവര്‍. വിളപ്പില്‍, മലയിന്‍കീഴ്, കാട്ടാക്കട, വെള്ളനാട്, പൂവച്ചല്‍, ആര്യനാട് തുടങ്ങി മലയോര മേഖലയിലെ ഭൂരിഭാഗം ആശുപത്രികളിലും താല്‍ക്കാലിക നഴ്സുമാര്‍ ഉള്ളതാണ് ഏക ആശ്വാസം.
താല്‍ക്കാലിക നഴ്സുമാരില്‍ ഇരുപതോളം പേര് പുരുഷന്മാരാണ്. സ്വകാര്യ ആശുപത്രികള്‍ പുരുഷ നഴ്സുമാരെ നിയമിക്കാറില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പിരിഞ്ഞു പോകുന്നതോടെ കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയാണ് ഇവരില്‍ പലര്‍ക്കും. ഇപ്പോള്‍ 108 ആംബുലന്‍സുകളില്‍ മാത്രമാണ് പുരുഷ നഴ്സുമാരെ നിയമിക്കുന്നത്. അവിടെയും നിലവില്‍ ഒഴിവുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: