ബത്തേരി : വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറരയോടെ സംസ്ഥാന അതിര്‍ത്തിയില്‍ മുത്തങ്ങ ക്കുസമീപത്തുണ്ടായ വാഹനപകടത്തില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് അയ്യപ്പഭക്തന്മാര് മരണപ്പെട്ടു. അഞ്ച് അയ്യപ്പഭക്തന്മാരെ സാരമായ പരിക്കുകളോടെ മൈസൂര്‍ ജെഎസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളാ അതിര്‍ത്തിയില്‍ നിന്ന് 13 കിലോമീറ്റര്‍ ഉള്ളില്‍ കര്‍ണാടക വനാതിര്‍ത്തിയിലെ മൂലഹള്ളിയിലാണ് അപകടം നടന്നത്. തുങ്കൂര്‍ സ്വദേശികളായ ജയന്ത് (32), ഭരത്(30), ഉല്ലാസ്(31), പ്രജാപതി(27) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്. ബാലകൃഷ്ണന്, ഷാരൂഖ്, ദുരൈ, അഭിഷേക്, പരീക് എന്നിവരെ സാരമായ പരിക്കുകളോടെ മൈസൂര്‍ ജെഎസ്എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ബിനോയിയെ ഗുണ്ടല്‍പേട്ട ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൈസൂരില്‍നിന്ന് സിമന്റ് കയറ്റി വന്ന ലോറിയില്‍ അയ്യപ്പഭക്തന്മാര് സഞ്ചരിച്ച ടവേര വാഹനം ഇടിക്കുകയായിരുന്നു. സ്വാമിമാര്‍ സഞ്ചരിച്ച ടവേര മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അകടത്തില്പ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ലോറി ഡ്രൈവര്‍ അമ്പലവയല്‍ സ്വദേശി അബ്രഹാം(48), ക്ലീനര്‍ ചീരാല്‍ സ്വദേശി റഫീഖ് എന്നിവര്‍ക്കും നിസ്സാരപരിക്കുകളുണ്ട്. മരണപ്പെട്ട അയ്യപ്പഭക്തരുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: