തിരുവനന്തപുരം: ഗവേഷണപഠന നിലവാരമുയര്‍ത്തി കേരളസര്‍വകലാശാലയെ ദേശീയനിലവാരത്തിലേക്ക് എത്തിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവേഷണ നിലവാരമുയര്‍ത്താന്‍ ഐഐടി മാതൃകയില്‍ ദേശീയകേന്ദ്രം തുടങ്ങും. മെച്ചപ്പെട്ട ഗവേഷണത്തിനായി രണ്ടരക്കോടി ചിലവില്‍ ന്യൂക്ലിയാര്‍ മാഗ്നറ്റിക് റെസൊണന്‍സ് വാങ്ങാനും നടപടി തുടങ്ങി. പുത്തന്‍ കോഴ്സുകളും പാഠ്യപദ്ധതിയും നടപ്പിലാക്കും. പേപ്പര്‍ലെസ് ഓഫീസ് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള ഇഗവേണന്‍സ് സംവിധാനം 80 ശതമാനം പൂര്‍ത്തിയായെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു.
ഒന്‍പത് യൂറോപ്യന്‍ സര്‍വകലാശാലകളുമായി ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിട്ടു. അമേരിക്കയില്‍ നിന്ന് 13 കുട്ടികള്‍ കേരളസര്വകലാശാലയിലെത്തി പഠനം നടത്തുന്നുണ്ട്. കേരളയിലെ ഒരു വിദ്യാര്‍ത്ഥിനി അമേരിക്കന്‍ സര്‍വകലാശാലയിലും ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ നടത്തുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ള യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ഗവേഷണത്തിനും കുട്ടികള്‍ക്ക് സൗകര്യമുണ്ട്. ഫ്രാഞ്ചൈസി രൂപത്തില്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങിയതാണ് അംഗീകാരം നഷ്ടപ്പെടാനിടയാക്കിയത്. ഈ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി യുജിസിക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പിജി പരീക്ഷകളില്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയം പരിഗണിക്കുമെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: