കൊല്ലം: കൊട്ടിയം ദേശീയപാതക്ക് സമീപം ഫർണിച്ചർ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. പുലര്‍ച്ചെ തുടങ്ങിയ അഗ്നിബാധ രാവിലെ എട്ടോടെയാണ് നിയന്ത്രണ വിധേയമായത്. അടുത്തുള്ള ഗ്യാസ്പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പുലർച്ചെ 2.50ന് കൊട്ടിയം പറക്കുളത്തായിരുന്നു അപകടം. കൊട്ടിയം തെക്കേവീട്ടില്‍ മുഹമ്മദ് ഷാഫി, ചെക്കാലയില്‍ നൗഷാദ് എന്നിവരുടെ കടകളിലാണ് തീപിടുത്തമുണ്ടായത്. മുഹമ്മദ് ഷാഫിയുടെ കട പൂര്‍ണമായും അഗ്നിക്കിരയായി. കെട്ടിട നിർമാണത്തിനുള്ള ജനൽ, കട്ടിള എന്നിവ നിർമിക്കുന്ന പഴയ ഫർണിച്ചർ കടയിലാണ് തീപിടിത്തമുണ്ടായത്.
സമീപവാസികളാണ് കടക്ക് തീപിടിക്കുന്നത് ആദ്യം കണ്ടത്. അരകോടി രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നെത്തിയ 25ലധികം അഗ്നിശമന യൂനിറ്റുകൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ മുതല്‍ തന്നെ കൊട്ടിയം മുതല്‍ പറക്കുളംവരെ ഗതാഗതം തടസപ്പെട്ടു. രാവിലെ 8.30ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: