പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മാണശാലകള്‍, ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കക്കൂസ് മാലിന്യം പൊതുനിരത്തിലേക്കൊഴുക്കിയ പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അസീം ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജ് അടച്ചുപൂട്ടി. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദേവ് കിരണ്‍, മലേറിയ ഓഫീസര്‍ ഡോ.ഷേര്‍ളി വര്ധനന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.ഉദയകുമാരി, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ആര്.അനില്‍കുമാര്‍, ജില്ലാ ലാബ് ടെക്നീഷ്യന് റോസമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ലോഡ്ജ് പൂട്ടിയത്.
ജില്ലയിലെ 5707 വീടുകള്‍, 251 സ്ഥാപനങ്ങള്‍, 173 തോട്ടങ്ങള്‍, 126 നിര്‍മാണ ശാലകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ 71 വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. പകര്‍ച്ചവ്യാധി സാഹചര്യം സൃഷ്ടിച്ചതായി കണ്ടെത്തിയ 14 വീടുകള്‍ക്കും ഒന്‍പത് സ്ഥാപനങ്ങള്‍ക്കും രണ്ട് നിര്‍മാണ സ്ഥലങ്ങള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ട് വാസസ്ഥലങ്ങള്‍ക്കും നോട്ടീസ് നല്കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 97 ടീമുകളാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: