ശബരിമല: പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും സത്രം, ഉപ്പുപാറ, പുല്ലുമേട് വഴിയുള്ള പാതയില്‍ തീര്‍ത്ഥാടക തിരക്കേറി. മല കയറ്റത്തിന്റെ കാഠിന്യമില്ലാതെ മലയിറങ്ങി സന്നിധാനത്ത് എത്താമെന്നതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇതിലൂടെ എത്തുന്നു.
പ്രകൃതിയെ അറിഞ്ഞും ദുര്‍ഘടങ്ങളെ അയ്യപ്പ മന്ത്രത്താല്‍ തരണം ചെയ്തുമുള്ള കാനനയാത്രയാണ് പുല്ലുമേടുവഴിയുള്ളത്. നട്ടുച്ചയ്ക്കും വെയിലേല്‍ക്കാത്ത ഒറ്റയടി പാതയില്‍ മരങ്ങള്ക്കിടിയില് പല സ്ഥലത്തും ആനത്താരയും കാണാം. പാതയുടെ പല ഭാഗങ്ങളിലും കഷ്ടിച്ച് രണ്ടു പേര്‍ക്ക് പോകാന്‍ സാധിക്കുന്ന വീതിമാത്രമാണുള്ളത്. ഈ പാതയില്‍ ആവശ്യത്തിന് കടകളോ, സുരക്ഷ സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല.
പുല്ലമേട് ദുരന്തം നടന്ന വര്‍ഷം വരെ വള്ളക്കടവ് വഴി ഉപ്പുപാറവരെ തീര്‍ത്ഥാടകര്‍ക്ക് വാഹനത്തില്‍ എത്തുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. ഇതുമൂലം സത്രം മുതല്‍ സന്നിധാനം വരെയുള്ള 28 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിക്കണം.
ഉപ്പുപാറ കഴിഞ്ഞാല്‍ ഈ വഴികളിലൊന്നും കുടിവെള്ളം കിട്ടാന്‍ സൗകര്യമില്ല. പുല്ലുമേട്, കഴുതകൊക്ക, മായക്കല്ല്, കോടംപ്ലാവ് എന്നിവിടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിര്‍ത്തണമെന്ന് ആവശ്യം ശക്തമാണ്. കാനനപാതയില്‍ വലിയ പാറയോട് ചേര്‍ന്ന മരത്തില്‍ ശരക്കോല് കുത്തി നാളികേരം ഉടച്ച് ഭസ്മാരാധന നടത്തിയാണ് സന്നിധാനത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: