നാമങ്ങളുടെ ഉച്ചാരണങ്ങളെയെല്ലാം വര്‍ണ്ണിച്ച് എഴുതിയിരിക്കുന്ന ഗ്രന്ഥത്തിന് ഇവ വായിക്കുന്നവരില്‍ ഈ നാമങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ല, സാധിക്കുകയുമില്ല. അതിഭയങ്കരമായ രാത്രിക്കു അതിശോഭിതമായ പ്രകാശത്തെ സൃഷ്ടിപ്പാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഇരുട്ടിനു വെളിച്ചത്തെയും വെളിച്ചത്തിന് ഇരുട്ടിനെയും സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ല.
തന്മൂലം ദൈവത്തിന്റെ സാന്നിദ്ധ്യമാകുന്നു ആത്മാവായി പ്രകാശിക്കുന്നത്. ഈ വെളിച്ചത്തിന് ഇരുട്ടിനെ നിശ്ശേഷം ഭസ്മീകരിക്കുവാന്‍ സാധിക്കും. ഈ ശാശ്വത വസ്തുവാണ് സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും പറ്റിയവനായി നില്‍ക്കുന്നത്. ഇവനിലേക്കാണ് മനുഷ്യലോകം ലയിച്ച് മോക്ഷലബ്ധി അടയേണ്ടത്. ഈ അവസ്ഥയില്‍ ഈ വസ്തു മനുഷ്യവേഷത്തിലെത്തി ഈ അവസ്ഥയുടെ വ്യവസ്ഥ മനുഷ്യരില്‍ അവതരിപ്പിക്കുന്നവനെയാണ് അവതാരമെന്നും, ലോകഗുരുവെന്നും, ഭാഗ്യവാനെന്നും, ഭഗവാനെന്നും ഒക്കെ അനവധി നാമങ്ങള്‍ ഉച്ചരിക്കുന്നത്.
അവര്‍ക്കു സിദ്ധിച്ച ഗുണങ്ങളെ വച്ചു അവനെ വര്‍ണ്ണിച്ചു മനുഷ്യലോകത്തെ പ്രകാശിപ്പിക്കുന്നു. ഇതുകൊണ്ടാണ് ലോകരക്ഷാര്‍ത്ഥം ഒരു ഗുരുവിന്റെ ആവശ്യമുണ്ടെന്നു സര്‍വ്വപ്രമാണങ്ങളും സധൈര്യം പ്രസ്താവിച്ചിരിക്കുന്നത്.
















