നമ്മുടെ സംസ്ഥാനത്തിന് കേരളം എന്ന പേരുണ്ടായത് കേരവൃക്ഷങ്ങള്‍ തഴച്ചു നിന്നിരുന്ന നാട് എന്നതിനാലാണല്ലൊ. നൂറ്റാണ്ടുകളായി കേരവൃക്ഷത്തെ കല്പകവൃക്ഷമായും വെളിച്ചെണ്ണയെ നമ്മുടെ ആഹാരക്രമത്തിന്റെ അവിഭാജ്യഘടകവുമായാണല്ലൊ നാമേവരും കരുതിപ്പോന്നിരുന്നതും. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം, പാശ്ചാത്യ സംസ്കാരത്തിന്റെയും പാശ്ചാത്യ വ്യാവസായിക താല്‍പ്പര്യങ്ങളുടെയും കടന്നുകയറ്റമാണ് ഇക്കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരവൃക്ഷത്തിനും കേരോല്പന്നങ്ങള്ക്കും കേരളീയര്ക്കുതന്നെയും വന്നുഭവിച്ച ശനിദശയുടെ നാന്ദികുറിച്ചത് എന്നുതോന്നിപ്പോകുന്നു.
പൂരിത കൊഴുപ്പേറെയുള്ള വെളിച്ചെണ്ണ രക്തത്തിലെ കൊളസ്ട്രോള്‍ ഘടകത്തെ വര്‍ധിപ്പിക്കുമെന്നും തന്മൂലം ഹൃദയസംബന്ധമായ പലതരം സുഖക്കേടുകള്‍ ഈ എണ്ണയുടെ ഉപയോഗം വരുത്തിക്കൂട്ടുമെന്നും ഭിഷഗ്വര സമൂഹമടങ്ങുന്ന ശാസ്ത്ര-ഗവേഷക സമൂഹം പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടും നാളുകളേറെയായി. വെളിച്ചെണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്നും പാശ്ചാത്യരാജ്യങ്ങള്‍ നിര്‍മിക്കുന്ന സൂര്യകാന്തി എണ്ണ, ചോളം എണ്ണ, പാംഓയില്‍ തുടങ്ങിയവ താരതമ്യേന അപൂരിത കൊഴുപ്പടങ്ങുന്ന എണ്ണകളാകയാല് ഇവയുടെ ഉപയോഗം മൂലം കേരളീയരുടെയും വെളിച്ചെണ്ണ സ്ഥിരമായി ആഹാരപദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുടെയും രക്തക്കുഴലുകളും ഹൃദയവും താരതമ്യേന അരോഗാവസ്ഥയില്‍ നിലനിര്‍ത്താമെന്നും ഏറ്റുപാടാന്‍ മാധ്യമങ്ങളും ഭിഷഗ്വര-ശാസ്ത്രജ്ഞസമൂഹവും മടികാണിച്ചതുമില്ല. അനേകായിരം കോടി ഡോളര്‍ വരുന്ന ആഹാര എണ്ണയുടെ ‘ബിസിനസ്സു കളികള്‍’ മൂലം വെളിച്ചെണ്ണയ്ക്കും കേരോല്പ്പന്നങ്ങള്ക്കും മേല്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ പടച്ചുനിര്മിച്ച ചെളി വന്നുകൂടാന്‍ വൈകിയതുമില്ല. എന്തിനേറെ, വെളിച്ചെണ്ണയെ സ്വന്തമായിക്കണ്ട്, ആഹാരത്തിനും ഔഷധങ്ങളിലും സംശയലേശമെന്യേ ഉപയോഗിച്ചിരുന്ന കേരളീയ സാക്ഷരര്‍ പോലും വെളിച്ചെണ്ണയെ ‘ദുര്‍ഗുണ എണ്ണയായി’ വ്യാഖ്യാനിക്കാന്‍ തുടങ്ങി.
വെളിച്ചെണ്ണയുടെ ഉപയോഗം വരുത്തിയേക്കാവുന്ന സദ്-ദുര്‍ഗുണങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കണം എന്ന ചിന്തയോടെയാണ് കുവൈത്ത് മെഡിക്കല്‍ കോളേജിലെ ഗവേഷണ വിഭാഗത്തിന്റെ അനുമതിയോടെ ഒരു വിശദമായ ഗവേഷണ പദ്ധതിയ്ക്കു തുടക്കമിട്ടത്. ഇന്റര്‍നെറ്റില്‍ നടത്തിയ പരതലില്‍, ഇക്കാര്യത്തില്‍ ദേശീയ അന്തര്‍ദ്ദേശീയ ബിസിനസ്സ് കള്ളക്കളികള്‍ ഏറെയുണ്ടെന്നും ബോധ്യമായി. അതിനാല്‍ തന്നെ വെളിച്ചെണ്ണയെക്കുറിച്ച് സ്ഥാപിതതാല്‍പ്പര്യക്കാര്‍ നടത്തുന്ന കള്ളക്കളികളുടെ നിജസ്ഥിതി അറിയണം എന്ന ആഗ്രഹവും ഗവേഷണത്തിനു വളമേകി.
‘സ്ഫ്രാഗ് ഡോളി’ ഇനത്തില്‍പെട്ട വെളുത്ത എലികളെയാണ് ഗവേഷണത്തിനു തിരഞ്ഞെടുത്തത്. ഇവയെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവിധ അളവില്‍ വെളിച്ചെണ്ണ ദിവസേന, നാലാഴ്ചക്കാലം വായില്ക്കൂടെ ശാസ്ത്രവിധിയോടെ നല്‍കുക എന്നതായിരുന്നു ഗവേഷണ പ്രോട്ടോക്കോള്‍. എലികള്‍ക്ക് വെള്ളവും ഭക്ഷണവും സുഭിക്ഷം ഏര്‍പ്പാടാക്കി. വെളിച്ചെണ്ണ സേവനം കിട്ടാത്ത ഒരു പറ്റം എലികളെ സാധാരണ ഗ്രൂപ്പ് എന്ന നിലയ്ക്കും പരിപാലിച്ചു പോന്നു. ഒരു കൂട്ടം എലികളില്‍, ഒരു സാധാരണ മനുഷ്യന് ഒരു ദിവസം ഒരു ഗ്ലാസ് വെളിച്ചെണ്ണ കഴിയ്ക്കുന്ന നിരക്കില്‍ വെളിച്ചെണ്ണ നല്കിയപ്പോള്, മറ്റുരണ്ടു വിഭാഗം എലികളില്‍, അരലിറ്റര്‍ ഗ്ലാസ്, ഒരു ലിറ്റര്‍ വെളിച്ചെണ്ണ എന്നീ നിരക്കുകള്‍ക്ക് സമാനമായ തോതിലാണ് എണ്ണ വായിലൂടെ ആഹരിപ്പിച്ചത്. നാലാഴ്ചക്കാലം ഇപ്രകാരം വെളിച്ചെണ്ണ കുടിപ്പിച്ചശേഷം, എലികളുടെ രക്തത്തില്‍ വിവിധതരം ടെസ്റ്റുകള്‍ നടത്തുക എന്നതായിരുന്നു ഗവേഷണോദ്ദേശ്യം.
നാലാഴ്ചക്കാലത്തെ വെളിച്ചെണ്ണ ചികിത്സക്കു ശേഷം എല്ലാ എലികളുടെ രക്തത്തിലും അടങ്ങിയിരിക്കുന്ന വിവിധതരം ഘടകങ്ങളുടെ തോത്, മേന്മയുള്ള സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍ണയിച്ചു. ഇപ്രകാരം മുപ്പതിലേറെ ടെസ്റ്റുകള്‍ നടത്തുന്നതോടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നുവേണ്ട എലികളുടെ ആരോഗ്യസ്ഥിതി വിശദമായി വിലയിരുത്താനാവും എന്നതായിരുന്നു നിഗമനം.
വിവിധതരം ടെസ്റ്റുകളുടെ വിവരപ്പട്ടിക പഠനത്തിലേര്‍പ്പെട്ടിരുന്ന മലയാളി ടെക്നീഷ്യന്മാര് സമര്‍പ്പിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞെട്ടലാണുണ്ടായത്. പ്രതിദിനം ഒരു സാധാരണ മനുഷ്യന് അരലിറ്റര്‍ വെളിച്ചെണ്ണ, ഒരു ലിറ്റര്‍ വെളിച്ചെണ്ണ എന്നീ നിരക്കില്‍ സേവിക്കുന്ന തരത്തിലാണ് എലികളിലും ഇത്രയും ഉയര്‍ന്ന തോതില്‍ വെളിച്ചെണ്ണ പ്രയോഗം നടത്തിയത്. ഈ മൃഗങ്ങള്‍ എല്ലാത്തരത്തിലും രോഗാവസ്ഥയിലായിരിക്കുമെന്നും ഇപ്രകാരം ഉയര്‍ന്ന തോതില്‍ വെളിച്ചെണ്ണ നല്‍കിയത് ഉചിതമായോ എന്നും ശങ്കിച്ചിരുന്നപ്പോഴാണ് ആ പരിശോധനാ പട്ടിക ലഭിക്കുന്നത്.
പട്ടിക പഠിച്ചപ്പോള്‍ അന്താരാഷ്ട്രാ വെളിച്ചെണ്ണ വിരുദ്ധ ലോബി എത്ര വിദഗ്ദ്ധമായാണ് സാക്ഷരരായ മലയാളികളെപ്പോലും കബളിപ്പിച്ചിരുന്നത് എന്ന് മനസ്സിലായി. രക്തത്തിലെ ഒരൊറ്റ ടെസ്റ്റ് പോലും വെളിച്ചെണ്ണ സേവ ലഭിച്ചിരുന്ന എലികളില്‍ അസാധാരണമായിരുന്നില്ല എന്നതുപോകട്ടെ, കൊളസ്ട്രോള്‍, ട്രൈഗഌസ റൈഡുകള്‍, പഞ്ചസാരയുടെ തോത്, യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ തോതുകള്‍ പോലും വെളിച്ചെണ്ണയുടെ സ്പര്‍ശം പോലും ഏല്‍ക്കാത്ത എലികളുടേതുപോലെ സാധാരണനിരക്കിലായിരുന്നു. അപ്രതീക്ഷിതം എന്നുപറയട്ടെ, ഉയര്‍ന്ന തോതില്‍ വെളിച്ചെണ്ണ ലഭിച്ചിരുന്ന എലികളില്‍ നല്ല തരം കൊളസ്ട്രോള്‍ എന്നു കരുതപ്പെടുന്ന എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വെളിച്ചെണ്ണ ലഭിക്കാത്ത എലികളുടേതിനേക്കാള്‍, ഹൃദയാഘാതത്തെ ചെറുക്കുംതലത്തില് ഉയര്‍ന്നിരിക്കുന്നതും കാണായി. കരള്‍, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഹനിക്കുന്നതായ ഒരു ഘടകം പോലും അസാധാരണമായി കാണപ്പെട്ടില്ലതാനും. മാത്രമല്ല, വെളിച്ചെണ്ണ സേവ ലഭിച്ച എലികളില്‍, വെളുത്ത രക്താണുക്കള്‍, ഹിമോഗ്ലോബിന്‍ എന്നീ ഘടകങ്ങളുടെ തോത് സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്നതായും ഇതിനാല്‍ വെളിച്ചെണ്ണ പ്രയോഗം ലഭിച്ച മൃഗങ്ങളുടെ പ്രതിരോധശേഷി വര്‍ധിച്ചതായും കാണപ്പെട്ടു.
അത്ഭുതകരമെന്നു പറയട്ടെ, ഹൃദയാഘാതത്തിനു കാരണമാണെന്നു കരുതപ്പെടുന്ന ‘ഹോമോസിസ്റ്റിന്‍’ എന്ന ഘടകം, വളരെ ഉയര്‍ന്നതോതില്‍ വെളിച്ചെണ്ണ നല്കപ്പെട്ട എലികളുടെ രക്തത്തില്‍ ഉയര്ന്നുകാണപ്പെട്ടില്ല എന്നു മാത്രമല്ല, സൂര്യകാന്തി എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അപകടകരമായ ‘ഹോമോ സിസ്റ്റിന്’ തോത് രക്തത്തില്‍ കുറഞ്ഞതായും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുന്നതായും ഗവേഷണങ്ങളില്‍നിന്നു ബോധ്യപ്പെട്ടു. മുന്‍പറഞ്ഞ കണ്ടുപിടുത്തങ്ങള്‍ അഥവാ വെളിപ്പെടുത്തലുകള്‍ അന്താരാഷ്ട്ര ശാസ്ത്രമാസികകളായ ‘ജേര്‍ണല്‍ ഓഫ് മെറ്റേര്‍ അല്‍-ഫിറ്റല്‍ നിയോനാറ്റല്‍ മെഡിസിന്’ (വര്‍ഷം 2011, അദ്ധ്യായം 24, 1254-1258 പേജുകള്‍), ”ന്യൂട്രീഷണല്‍ തെറാപ്പി ആന്‍ഡ് മെറ്റബോളിസം” (വര്‍ഷം 2009, അധ്യായം 27, 183-189 പേജുകള്‍)എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനു ഹാനികരമായ ഒന്നും ഇത്രയും ഉയര്‍ന്ന തോതില്‍ വെളിച്ചെണ്ണ നല്‍കിയതിനുശേഷവും കാണപ്പെട്ടില്ല എന്ന വസ്തുത തെല്ലൊന്നുമല്ല അമ്പരപ്പിച്ചതും ആഹ്ലാദിപ്പിച്ചതും. പാശ്ചാത്യ ഗവേഷകര്‍ ഒന്നടങ്കം പുകഴ്ത്തുന്ന ഒലിവെണ്ണയേക്കാള് ഒരുപടി മേലെയാണ് വെളിച്ചെണ്ണയും എള്ളെണ്ണയും എന്ന് ഈ ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. മുന്‍പറഞ്ഞ ഭക്ഷ്യ എണ്ണകളുടെ ശുദ്ധി ഉറപ്പുവരുത്തേണ്ടതും അവയില്‍ ദോഷകരമായ മാലിന്യങ്ങളും ചേരുവകളും ഇല്ല എന്നുറപ്പുവരുത്തേണ്ടതും സമൂഹത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് അത്യന്താപേക്ഷിതമാണ്, ഇക്കാര്യം അധികാരികള്‍ ഉറപ്പുവരുത്തണം.
കേരളീയര്‍ക്കും ഭാരതീയര്‍ക്കും എന്നുവേണ്ട ലോകജനതയ്ക്കാകമാനം ദൈവം കനിഞ്ഞുതന്ന വരദാനമാണ് വെളിച്ചെണ്ണ. ആരോഗ്യരക്ഷ ഉറപ്പുവരുത്തേണ്ട അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും എന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: