വര്‍ക്കല: പ്രധാനമന്ത്രിയായശേഷം ആദ്യമായി ശിവഗിരിയിലെത്തുന്ന നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ശിവഗിരിക്കുന്നുകള്‍ ഒരുങ്ങി. നരേന്ദ്രമോദി ഇന്ന് ശിവഗിരിയിലെത്തും. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി വര്‍ക്കല ഹെലിപ്പാടുമുതല് മഹാസമാധിവരെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം, യാത്രപരിപാടിയുടെ ചുമതലയുള്ള ഡിഐജിപി വിജയന്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട വിലയിരുത്തല്‍ നടത്തി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തി. വൈകുന്നേരം 5.10ന് ആരംഭിച്ച ട്രയല്‍ റണ്‍ ശിവഗിരി മഹാസമാധിയില്‍ എത്തി മുക്കാല്‍ മണിക്കൂറിന് ശേഷം അവിടെ നിന്നും പുത്തന്‍ചന്ത ശ്രീനാരായണ മിഷന് ഹോസ്പിറ്റലിലെത്തി 15 മിനിട്ടിനുശേഷം തിരികെ ഹെലിപ്പാടിലേക്ക് പോയി. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് മിഷന് ആശുപത്രിയിലേക്കും ട്രയല്‍ റണ്‍ നടത്തിയത്.
ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദും 25 ഡിവൈഎസ്പിമാരും നൂറില്‍പ്പരം സിഐമാരും വനിതാപോലീസ് ഉള്‍പ്പെടെ ആയിരത്തിലധികം സേനാംഗങ്ങളെ ഹെലിപ്പാട് മുതല്‍ മഹാസമാധിവരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ദ്രുതകര്‍മ്മസേന, ബോംബ് സ്ക്വാഡ്, ഇന്റലിജന്‍സ്, ഫയര്‍ഫോഴ്സ്, എസ്പിജി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും രംഗത്തുണ്ട്. ഇന്ന് വൈകുന്നേരം 4.15ന് പാപനാസം ഹെലിപാടിലിറങ്ങുന്ന പ്രധാനമന്ത്രിയെ മുംബൈ ശ്രീനാരായണ മിഷന് സമിതി ചെയര്മാന് എം.എ. ദാമോദരന്‍, സെക്രട്ടറി സുരേഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പ്രധാനമന്ത്രി ശിവഗിരിയിലെത്തും. മഹാസമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം തിരികെ ശാരദാമഠത്തിലെത്തി പ്രാര്‍ത്ഥനയ്ക്കുശേഷം ശിവഗിരി മഠത്തിലെ സന്യാസിമാരെ അഭിമുഖീകരിക്കും. ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദൈവദശകം ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകശിലാ ഫലകം അനാച്ഛാദനം നടത്തും.
ഇതിനുശേഷം ശാരദാമഠത്തിന് സമീപം പ്രധാനമന്ത്രി തന്റെ ജന്മനക്ഷത്രമായ അനിഴത്തെ പ്രതിനിധീകരിച്ച് ഇലഞ്ഞി വൃക്ഷത്തിന്റെ തൈ നടും. 20 മിനിട്ടുകള്‍ക്ക് ശേഷം തിരികെ ഹെലിപ്പാടില്‍ മടങ്ങി എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. കാലാവസ്ഥാ പ്രശ്നമുണ്ടായാല്‍ പ്രധാനമന്ത്രിയെ റോഡുമാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുകളും പോലീസ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് തെങ്ങ്, കടക്കാവൂര്‍, പെരുമാതുറ, കഠിനംകുളം, തുമ്പവഴിയാണ് വേണ്ടി വന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ക്രമീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: