ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ
ശബരിമല വ്രതത്തിന്റെ അവിഭാജ്യഘടകമാണ് ബ്രഹ്മചര്യം. ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം’ വീര്യലാഭ: ബ്രഹ്മചര്യ പ്രതിഷ്ഠകൊണ്ട് ബീജലാഭം ഉണ്ടാവുന്നു. എന്നാണ് യോഗദര്‍ശനത്തില്‍ പറയുന്നത്. ബ്രഹ്മചര്യം കൊണ്ട് തേജസ്സ്, വാക്ശക്തി, ചിന്താശക്തി, ഓര്‍മ്മശക്തി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിയ്‌ക്കും. വ്രത സമയത്ത് അശുഭകാര്യങ്ങള്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അത് മനസ്സിനെ ബാധിയ്‌ക്കും. എന്നതിനാല്‍ ശാരീരികമായ ബ്രഹ്മചര്യം മാത്രം അനുഷ്ഠിച്ചാല്‍ പോരാ, മാനസികമായും പൂര്‍ണ്ണബ്രഹ്മചര്യം അനുഷ്ഠിയ്‌ക്കണം. സിനിമ മുതലായവ ഒഴിവാക്കുകയും, പരിപൂര്‍ണ്ണമായും വ്യക്തി പരമായ കാര്യങ്ങളും ഒഴിവാക്കണമെന്നാണ് പറയുന്നത്. നാല്‍പ്പത്തൊന്നു ദിവസത്തെ നിഷ്ഠയോടുകൂടിയുള്ള വ്രതാനുഷ്ഠാനങ്ങളുടെ ഫലമായി ഓജസ്സും തേജസ്സും വര്‍ദ്ധിച്ച് സാധകനിലെ ഈശ്വരചൈതന്യം ശക്തിപ്പെടും.
ലൗകിക ജീവിതത്തിലൂടെ നഷ്ടപ്പെടുന്ന ഓജസ്സും തേജസ്സും 41 ദിവസത്തെ വ്രതനിഷ്ഠയിലൂടെ നേടുവാന്‍ കഴിയുന്നു.ഗുരുസ്വാമിയുടെ മന്ത്രദീക്ഷയിലൂടെ ലഭിയ്‌ക്കുന്ന മന്ത്രശക്തി മൂലാധാരത്തിലൂടെയാണ് പ്രവര്‍ത്തിയ്‌ക്കുന്നത്. മൂലാധാരത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന അയ്യപ്പന്റെ മൂല മന്ത്രശക്തിയാണ് ബ്രഹ്മനിഷ്ഠയിലൂടെ വളര്‍ന്ന് സാഫല്യത്തിലെത്താന്‍ സഹായിക്കുന്നത്. അത് ഷഡാധാരങ്ങളേയും കടന്ന് സഹാസ്രാര പദ്മത്തിലെത്തുന്നു. തലച്ചോറിലാണ് സഹസ്രാരപദ്മം സ്ഥിതിചെയ്യുന്നത്. അതിന്നാല്‍ ബ്രഹ്മചര്യ നിഷ്ഠ അതീവ പ്രാധാന്യമാണ്.
സാധകന് ഇന്ദ്രിയങ്ങളെ നിയന്ത്രിയ്‌ക്കാന്‍ കഴിയണം. ഇന്ദ്രിയങ്ങളെ നിയന്ത്രിയ്‌ക്കുവാന്‍ കഴിയുന്ന ഒരാള്‍ക്കേ ബൗദ്ധിക അദ്ധ്യാത്മികമേഖലകളില്‍ വിജയിക്കുവാന്‍ കഴിയുകയുള്ളൂ. ധര്‍മ്മത്തെ അടിസ്ഥാനപ്പെടുത്തി അര്‍ത്ഥവും കാമവും മോക്ഷവും നേടുകഎന്നതാണ് ഹൈന്ദവ ജീവിതലക്ഷ്യം.
















