വടശ്ശേരിക്കര: തിരുവാഭരണ ഘോഷയാത്ര കടന്നു പോകേണ്ട വടശ്ശേരിക്കര പേങ്ങാട്ടു കടവ് പാലം പണി സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപെട്ടു മഹിളാ മോര്‍ച്ച വടശ്ശേരിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ ആരംഭിക്കും. കല്ലാറിനു കുറുകെ വടശ്ശേരിക്കരയെ ഇടക്കുളം ക്ഷേത്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാലമാണിത് .പുതിയതായി സ്ഥലം മാറി വന്ന പാലത്തിന്റെ ചുമതലയുള്ള പി ഡബ്ല്യു ഡി എഞ്ചിനീയര്‍ അപ്രോച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫയലുകള്‍ റെവന്യു വകുപ്പിന് കൈമാറാതെ പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന് ബി ജെ പി വടശ്ശേരിക്കര പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി 75 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതാണ്. അതേറ്റെടുത്താല്‍ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി അനുബന്ധ റോഡ് നിര്‍മാണത്തിനായി പി ഡബ്ല്യു ഡി ഏറ്റെടുക്കേണ്ടി വരും. അതിനു തടയിടാനാണ് പണികള്‍ സാവധാനത്തിലാക്കുന്നത്. മകരവിളക്കിന് ചാര്‍ത്തുവാനുള്ള തിരുവാഭരണം വഹിച്ചു കൊണ്ട് വരേണ്ടത് ഈ പാലം വഴിയാണ്. അതിനു മുമ്പ് പാലം പണി പൂര്‍ത്തിയാക്കില്ലെന്ന വാശിയിലാണ് പി ഡബ്ല്യു ഡി വകുപ്പ് എന്നാണു ആക്ഷേപം.
ഇന്നലെ അന്‍പതോളം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി പാലവും അനുബന്ധ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. മഹിളാ മോര്‍ച്ച റാന്നി നിയോജക മഡലം പ്രസിഡന്റ് രാജി വിജയ കുമാര്‍ സംഘത്തിനു നേതൃത്വം നല്്കി. മഹിളാ മോര്‍ച്ച വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഉഷ സജി, സെക്രടറി സന്ധ്യ കുമാരി, ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് പുതിയത്ത്, സെക്രടറി സുരേഷ് ചംബോണ്‍ തുടങ്ങിയവര്‍ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
പാലം നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ തീര്‍ഥാടന കാലത്തിനു ശേഷം വനിതാ മോര്‍ച്ച പ്രവര്‍ത്തകരെ അണിനിരത്തി റോഡുകള്‍ ഉപരോധിക്കുന്നതുള്പ്പടെ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: