തിരുവല്ല: തിരുവല്ല ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി അടുത്തകാലത്ത് നഗരസഭ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ സംരക്ഷണഭിത്തിയും മതിലും തകര്‍ത്തു. പ്ലാനിംഗ് ഇല്ലാതെ നിര്‍മ്മിച്ച മതില് ഇല്ലാതായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടായത്. കഴിഞ്ഞ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ കാലത്താണ് അഞ്ചു ലക്ഷത്തിലേറെ ചെലവഴിച്ച് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ജെ.സി.ബിയുടെ സഹായത്തോടെയാണ് മതിലിടിച്ചിട്ടത്. ഇതിനുശേഷം മതിലിന്റെ ബാക്കിയുള്ള കുറെഭാഗം തൊഴിലാളികള്‍ ചേര്‍ന്ന് പൊളിച്ചു നീക്കുകയായിരുന്നു. അമ്പത് മീറ്ററിലേറെ നീളത്തില്‍ ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇവിടെ പൊതു പരിപാടികള്‍ സംഘടിപ്പിക്കാനായി ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചത്. ഇതേതുടര്‍ന്ന് ഇവിടുത്തെ അഴുക്ക് ചാലിന്റെ സമീപത്ത് മാസങ്ങള്‍ക്ക് മുമ്പാണ് സംരക്ഷണഭിത്തിയും അതിനു മുകളില്‍ മൂന്നടിയിലേറെ പൊക്കത്തില്‍ മതിലും നിര്‍മ്മിച്ചത്. ഇവിടുത്തെ ഇലക്ട്രിക് പോസ്റ്റും ഇന്നലെ നീക്കം ചെയ്യുന്ന നടപടികള്‍ തുടങ്ങി. നഗരസഭാ ബൈപ്പാസ് നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയ സ്ഥലത്തിന്റെ പ്ലാനും മറ്റും പഠിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാലാണ് ഇത്രയേറെ രൂപയുടെ നഷ്ടം സംഭവിച്ചത്. ഇതോടെ ഓപ്പണ്‍ സ്റ്റേജിന്റെ കുറെഭാഗവും നഷ്ടമായി. അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാട് കാരണം പലവിധത്തിലാണ് നഗരസഭയുടെ പണം ചോരുന്നതെന്ന നഗരവാസികള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: