അങ്ങാടിപ്പുറം: പൊതുജനങ്ങളുടെ അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് അങ്ങാടിപ്പുറത്ത് ‘വണ്‍വേ ട്രാഫിക് പരിഷ്‌കരണം അധികൃതര്‍ നടപ്പാക്കി തുടങ്ങി. കോഴിക്കോട്, മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, വളാഞ്ചേരി ഭാഗത്തേക്കുള്ള ബസുകളൊന്നും തന്നെ ഇന്നലെ അങ്ങാടിപ്പുറം വഴി ഓടിയില്ല. അതേസമയം അങ്ങാടിപ്പുറം- പെരിന്തല്‍മണ്ണ റൂട്ടിലേക്ക് മാത്രമായി ഏതാനും സ്വകാര്യ ബസുകള്‍ ഓടി. ഇരുചക്രമുച്ചക്ര വാഹനങ്ങള്‍ മാത്രമേ കടത്തിവിടുയെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇടക്ക് ഫോര്‍ വീലറുകളും ഓടാന്‍ അനുവദിച്ചു. അങ്ങാടിപ്പുറത്തെ പുതിയ ട്രാഫിക് പരിഷ്‌കരണത്തില്‍ ഏറെ ബുദ്ധിമുട്ടിയത് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമാണ്. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കൃത്യസമയത്ത് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ല. വാഹനങ്ങളുടെ ‘ഉലകം ചുറ്റിയുള്ള പോക്ക് ഉദ്യോഗസ്ഥരെയും വലച്ചു. മണ്ഡലകാലത്തെ ഈ ട്രാഫിക് പരിഷ്‌കരണം അയ്യപ്പ ഭക്തരെയും ദുരിതത്തിലാക്കി.
മണ്ഡല കാലം അവസാനിക്കുന്നത് വരെ വണ്‍വേ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കരുതെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയ്യാറാകാതിരുന്നത് വന്‍വിവാദത്തിന് തിരി കൊളുത്തി കഴിഞ്ഞു. ക്ഷേത്ര നഗരിയെന്ന് അറിയപ്പെടുന്ന അങ്ങാടിപ്പുറത്ത് മണ്ഡല കാലത്ത് തന്നെ നടപ്പാക്കിയ ഈ ജനദ്രോഹ നിയന്ത്രണം അക്ഷരാര്‍ത്ഥത്തില്‍ ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വടക്കന്‍ ജില്ലകളിലെ ഭക്തരെ കൂടാതെ കര്‍ണ്ണാടകയില്‍ നിന്നുള്ള നിരവധി ഭക്തരും അങ്ങാടിപ്പുറം വഴിയാണ് ശബരിമല ദര്‍ശനത്തിന് പോകുന്നത്. ഒട്ടുമിക്ക ആളുകളും അങ്ങാടിപ്പുറത്തെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്കും തലതിരിഞ്ഞ ട്രാഫിക് പരിഷ്‌കരണവും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.
കാല്‍നട യാത്രക്കാര്‍പോലും വണ്‍വേ പരിഷ്‌കരണത്തില്‍ കുരുങ്ങുകയാണ്. നാലര മീറ്ററാണ് വണ്‍വേ റോഡിന്റെ വീതി. വാഹനം പോകുമ്പോള്‍ നടക്കാന്‍ കൂടി സ്ഥലം കിട്ടാറില്ലെന്ന് പരാതി ഉയരുന്നു. ഒരു മാസത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം. സഹിക്കാതെ മറ്റ് വഴിയില്ലെന്ന അവസ്ഥയിലാണ് പൊതുജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: